മയക്കുമരുന്ന് കടത്തിനെതിരെ പരിശോധന കടുപ്പിക്കുന്നതിനിടയിലും കേരളത്തിലേക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഏത് വിധേനയും എത്തിക്കാനാണ് കടത്തുസംഘങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
സുല്‍ത്താന്‍ബത്തേരി: മയക്കുമരുന്ന് കടത്തിനെതിരെ പരിശോധന കടുപ്പിക്കുന്നതിനിടയിലും കേരളത്തിലേക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഏത് വിധേനയും എത്തിക്കാനാണ് കടത്തുസംഘങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്ത് ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനക്കും ഉപയോഗത്തിനും കടുത്ത നിയന്ത്രണം നിലനില്‍ക്കുന്ന സംസ്ഥാനമായ കേരളത്തില്‍ മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്താന്‍ കഴിഞ്ഞാല്‍ ലക്ഷങ്ങള്‍ സമ്പാദിക്കാം എന്നത് തന്നെയാണ് മയക്കുമരുന്ന് ലോബിയെ ഇതിന് പ്രേരിപ്പിക്കുന്നത്.
ബൈക്കുകള്‍ മുതല്‍ ബസുകളും ചരക്കുലോറികളും വരെ ഇതിനായി സംഘം ഉപയോഗിച്ച് വരികയാണ്. ഇന്നലെ ഗൂഢല്ലൂര്‍-മൈസൂരു ദേശീയപാതയിലെ തുറപ്പള്ളി ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ലോറിയില്‍ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് തമിഴ്‌നാട് പോലീസ് പിടിച്ചെടുത്തത്. ഇവ കൊണ്ടുപോയ മിനിലോറിയുടെ ഡ്രൈവര്‍ മണ്ണാര്‍ക്കാട് സ്വദേശി സുധീര്‍ (43) എന്നയാളും അറസ്റ്റിലായി.
നാല്‍പ്പത് ലക്ഷം രൂപ വിലയുള്ള പാന്‍ ഉല്‍പ്പന്നങ്ങള്‍ ഇരട്ടിവിലക്കാണ് കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുന്നത്. ഡിവൈഎസ്പി മഹേഷ്‌കുമാര്‍, സിഐ അരുള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് മിനി ലോറിയില്‍ കേരളത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ബിസ്‌കറ്റ് പെട്ടികള്‍ക്കിടയില്‍ ചാക്കുകളില്‍ നിറച്ച ഹാന്‍സ് പുകയില പാക്കറ്റുകള്‍ ഒളിപ്പിച്ച വാഹനവം കസ്റ്റഡിയിലെടുത്തത്.
അതേസമയം, മലപ്പുറം എടപ്പാള്‍ വട്ടക്കുളത്ത് ബിസ്ക്കറ്റ് പാക്കറ്റുകള്‍ക്കുള്ളിലാക്കി ഗോഡൗണില്‍ എത്തിക്കാന്‍ ശ്രമിച്ച ഒന്നരക്കോടിയോളം വില മതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്സൈസ് പിടികൂടി. ഡ്രൈവറും തൊഴിലാളികളുമടക്കം മൂന്നു പേര്‍ പിടിയിലായി. വട്ടംകുളം സ്വദേശി അലി എന്നയാളുടെ പേരിലുള്ള ഗോഡൗണിലേക്കാണ് നിരോധിത പുകയില ഉത്പന്നങ്ങളെത്തിച്ചത്. ഇയാളെ പിടിക്കാൻ സാധിച്ചിട്ടില്ല.
രണ്ട് വലിയ ലോറികളിലായി മൂന്നര ലക്ഷത്തോളം പാക്കറ്റുകളാണ് ഗോഡൌണിലേക്ക് കടത്തിയത്. ലോറിക്കുള്ളിൽ നിരോധിത പുകയില ഉത്പന്നങ്ങളായിരുന്നു. വട്ടകുളത്തെ ബിസ്ക്കറ്റ് സൂക്ഷിക്കുന്ന ഗോഡൗണ്‍ കേന്ദ്രീകരിച്ചായിരുന്നു ലഹരിക്കടത്ത് നടത്തിയിരുന്നത്. എക്ലൈസ് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനം പിന്തുടര്‍ന്നാണ് നിരോധിത ലഹരി വസ്തുക്കൾ പിടിച്ചത്.
