Asianet News MalayalamAsianet News Malayalam

വിഷ്ണുവിനും വികാസിനും കോടതി തുണയായി; ഒരുമാസത്തിന് ശേഷം മാതാപിതാക്കളുടെ കരങ്ങളിലേക്ക് കുട്ടികളെത്തി

കഴിഞ്ഞ നവംബര്‍ 29 നാണ് രാജസ്ഥാന്‍ സ്വദേശികളായ മുകേഷ് ബാവറിയ സഹോദരൻ പാപ്പു ബാവറിയ എന്നിവരുടെ ആറും ഏഴും വയസുള്ള വിഷ്ണു, വികാസ് എന്നീ കുട്ടികളെ ശിശുക്ഷേമ സമിതി എറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലാക്കിയത്.

toddlers who were taken by cwc alleging child labor finally re united with parents after high court says so
Author
First Published Jan 8, 2023, 11:36 AM IST

കൊച്ചി: ബാലവേലയെന്നാരോപിച്ച് എറണാകുളം ശിശുക്ഷേമ സമിതി സംരക്ഷണത്തില്‍ പാര്‍പ്പിച്ച കുട്ടികളെ ഹൈക്കോടതി രാജസ്ഥാൻ സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഒരു മാസത്തിനു ശേഷം അച്ഛനമ്മമാരുടെ അടുത്തേക്കെത്തിയതിന്‍റെ സന്തോഷത്തിലാണ് വിഷ്ണുവും വികാസുമുള്ളത്. കഴിഞ്ഞ നവംബര്‍ 29 നാണ് രാജസ്ഥാന്‍ സ്വദേശികളായ മുകേഷ് ബാവറിയ സഹോദരൻ പാപ്പു ബാവറിയ എന്നിവരുടെ ആറും ഏഴും വയസുള്ള വിഷ്ണു, വികാസ് എന്നീ കുട്ടികളെ ശിശുക്ഷേമ സമിതി എറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലാക്കിയത്. 

രാജസ്ഥാനില്‍ നിന്ന് എത്തി പേനയും വളയും പൊട്ടും ബലൂണുകളുമൊക്കെ തെരുവില്‍ വിറ്റായിരുന്നു ഇവരുടെ ഉപജീവനം. കച്ചവട സമയത്ത് കുട്ടികളും മാതാപിതാക്കളോടൊപ്പമുണ്ടാകും. ഇത് ബാലവേലയാണെന്നാരോപിച്ചാണ് കുട്ടികളെ ശിശുക്ഷേമ സമിതി മാതാപിതാക്കളുടെ സമ്മതമില്ലാതെ ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലാക്കിയത്.

പല തവണ ആവശ്യപെട്ടിട്ടും കുട്ടികളെ വിട്ടുകിട്ടാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികളെ മാതാപിതാക്കൾക്കൊപ്പം വിടാൻ ഉത്തരവിട്ട ഹൈക്കോടതി കുട്ടികൾ മാതാപിതാക്കൾക്കൊപ്പം പേനയും വളയും മാലയുമൊക്കെ വില്‍ക്കുന്നതില്‍ സഹായിക്കുന്നത് ബാലവേലയ്ക്ക് തുല്യമാകുന്നതെങ്ങനെയെന്ന് മനസിലാകുന്നില്ലെന്ന നിരീക്ഷണവും നടത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് കുട്ടികളുടെ ക്ഷേമത്തിനാണ് പരിഗണന നൽകേണ്ടത്. അതുകൊണ്ട് കുട്ടികളെ മാതാപിതാക്കളിൽ നിന്നും വേർപിരിക്കാനാവില്ലന്നും കോടതി പറഞ്ഞു. ദരിദ്രനായിരിക്കുകയെന്നത് ഒരു കുറ്റമല്ലന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

കുട്ടികളെ തിരികെ കിട്ടിയതിന്‍റെ സന്തോഷം മാതാപിതാക്കളും പങ്കുവച്ചു. ഒന്നും സംഭവിക്കാത്ത മട്ടില്‍ അവര്‍ വീണ്ടും തെരുവില്‍ മാതാപിതാക്കളോടൊപ്പം കയ്യിലെ പൊട്ടും വളയും മാലയുമൊക്കെ വില്‍ക്കാൻ എത്തുന്നത് കാണുമ്പോള്‍ പൊലീസ് നടപടികളും നിയമ പോരാട്ടങ്ങളുമൊന്നും ഇവരെ തളര്‍ത്തിയിട്ടില്ലെന്ന് ഉറപ്പാണ്.

Follow Us:
Download App:
  • android
  • ios