ആകെ നാടകീയത, ദുരൂഹത! ചിറക്കൽ വെടിവെപ്പ് നടന്ന വീട് ആക്രമിച്ചു, ആരെന്നോ എന്തെന്നോ ഇല്ല, കാമറ കിടന്നത് പുഴയിലും
രാത്രി കണ്ണൂർ ചിറക്കലിൽ നടന്നത് അടിമുടി ദുരൂഹവും നാടകീയവുമായ സംഭവങ്ങളായിരുന്നു

കണ്ണൂർ: നാടകീയവും ദുരൂഹത നിറഞ്ഞതുമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം പ്രതിയെ തേടിയെത്തിയ പൊലീസിന് നേരെ പ്രതിയുടെ അച്ഛൻ വെടിവച്ച വീട്ടിൽ നടന്നത്. രാത്രി കണ്ണൂർ ചിറക്കലിൽ നടന്നത് അടിമുടി ദുരൂഹവും നാടകീയവുമായ സംഭവങ്ങളായിരുന്നു. നാട്ടുകാരുമായി അകലത്തിലാണ് വെടിവച്ച കേസിലെ പ്രതി ബാബു തോമസും കുടുംബവും. അതേസമയം മൂന്നാമത്തെ മകൻ അഭിഭാഷകനായി ജോലി നോക്കിയതിന് ശേഷമാണ് റോഷൻ പല കേസുകളിലും പെടുന്നത്.അതേസമയം ആ രാത്രി ഇവരുടെ വീട്ടിലെ കാറും ജനലുകളും ഇന്നലെ തകർത്തത് ആരാണെന്നതിൽ ഇപ്പോഴും വ്യക്തതയില്ലെന്നതാണ് ദുരൂഹം.
ചിറക്കൽ ചിറയ്ക്ക് മുന്നിലെ രണ്ട് നിലയിലാണ് ഈ വീട്. അക്രമകാരികളായ റോട് വീലർ ഇനത്തിൽപ്പെട്ട നായ്ക്കളെ മുന്നിൽ കെട്ടിയിട്ടിട്ടുണ്ട്. ബാബു ഉമ്മൻ തോമസിനും കുടുംബത്തിനും നാട്ടുകാരുമായി ബന്ധമുണ്ടായിരുന്നില്ല. മുപ്പത്തിയാറുകാരനാണ് മൂന്നാമത്തെ മകൻ റോഷൻ. അഭിഭാഷകനായി ജോലി നോക്കിയിരുന്നു. ലോ കോളേജിൽ പഠിക്കുമ്പോൾ കൊച്ചി നഗരമധ്യത്തിൽ സ്ട്രീക്കിങ് നടത്തി കേസിൽപ്പെട്ടിരുന്നു ഈ യുവാവ്. പിന്നീട് വധശ്രമവും മയക്കുമരുന്ന് ഇടപാടുമടക്കം കേസുകളിൽ പ്രതിയായി.
റോഷൻ അഞ്ച് കേസിൽ പ്രതിയാണെന്നും റൌഡിയാണെന്നും പൊലീസ് കമ്മീഷണർ അജിത് കുമാർ പറയുന്നു. അതേസമയം റോഷൻ അഭിഭാഷകനാണെന്നും എല്ലായിടത്തും പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും റോഷന്‍റെ ലിൻഡയുടെ വാക്കുകൾ. റോഷനുമായി ആർക്കും വലിയ ബന്ധമില്ലെന്നും വഴിത്തർക്കത്തിന്റെ പേരിൽ വരെ ഒരാൾക്ക് നേരെ റോഷൻ തോക്ക് ചൂണ്ടിയതായി അയൽവാസിയുടെ മൊഴി. ഇത്തരത്തിലാണ് നാട്ടുകാരും വീട്ടുകാരും പൊലീസും എല്ലാം പറയുന്നത്.
കഴിഞ്ഞ ദിവസം പൊലീസ് ചിറക്കലെത്താൻ കാരണമായ് ഒക്ടോബർ 22ന് വീടിനടുത്ത് നടന്ന സംഭവമായിരുന്നു. അയൽപക്കത്തെ വീട്ടിൽ കടന്നുകയറി ചെന്നപ്പോൾ തടയാൻ വന്ന തമിഴ്നാട് സ്വദേശി ബാലാജിയെ റോഷൻ ആക്രമിച്ചു. ഇയാൾക്ക് ആക്രമണത്തിൽ ഗുരുതര പരിക്കേൽക്കുകയും ചെയ്തു. നാൽപതോളം സ്റ്റിച്ചുകളുണ്ടായിരുന്നു തലയിലെന്ന് നാട്ടുകാരനായ അർജുൻ പറയുന്നു. കുടുംബത്തിൽ സ്വത്ത് കേസുൾപ്പെടെയുണ്ട് റോഷനെതിരെ. അതിന് തുടർച്ചയായുള്ള ക്രിമിനൽ കേസുകൾ വേറെയും.
വെടിവെച്ച ബാബു തോമസിന്‍റെ കയ്യിലുണ്ടായിരുന്നത് രണ്ട് തോക്കുകളാണ്. ലൈസൻസുള്ള തോക്കാണ്, പിടിച്ചുകൊണ്ടുപോയി കള്ളക്കേസിൽ കുടുക്കിയതാണെന്നും അമ്മ ലിൻഡ പറയുന്നു. ബാബു തോമസിനെ അറസ്റ്റ് ചെയ്ത് പൊലീസ് മടങ്ങിയത് രാത്രി പതിനൊന്ന് മണിയോടെയാണ്. അപ്പോഴൊന്നും വീടിന് നേരെ ആക്രമണുണ്ടായിട്ടില്ല. പിന്നീടെപ്പോൾ ആര് ആക്രമിച്ചു എന്ന് ചോദ്യമാണ് ബാക്കിയാകുന്നത്. ജനൽ ചില്ലുകളും എല്ലാം പൊട്ടിയിട്ടുണ്ട്. സംഭവം പരിശോധിക്കാനായി സിസിടിവി ദൃശ്യങ്ങളെടുക്കാനും പൊലീസിനായില്ല. കാരണം കാമറ നശിപ്പിച്ച നിലയിലായിരുന്നു. ക്യാമറ കിടന്നിരുന്നതാകട്ടെ മുന്നിലെ ചിറയ്ക്കൽ ചിറയിലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം