മൂന്നാര്‍: കാലാവസ്ഥ അനുകൂലമായതോടെ മൂന്നാര്‍ വിനോദസഞ്ചാരികളെ കൊണ്ട് നിറയുകയാണ്. സന്ദര്‍ശകരുടെ തിരക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. പ്രളയത്തോട് അനുബന്ധിച്ച് മൂന്നാറിലേക്കുള്ള സന്ദര്‍ശകരുടെ കടന്നുവരവ് നിലച്ചിരുന്നു. എന്നാല്‍ പുതുവല്‍സരവും ക്രിസ്മസ് അവധിയുമെത്തിയതോടെ സന്ദര്‍ശകരുടെ വാഹനങ്ങള്‍കൊണ്ട് നിറയുകയാണ് മൂന്നാര്‍.

രാജമല മാട്ടുപ്പെട്ടി കുണ്ടള, ടോപ്പ് സ്റ്റേഷന്‍,  എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ നീണ്ടനിര കാണാന്‍ കഴിയും. 1500 ല്‍ താഴെ മാത്രം ടിക്കറ്റുകള്‍ പോയിരുന്ന രാജമലയില്‍ നാലുദിവസമായി ഹൗസ് ഫുള്ളാണ്. വൈദ്യുതി വകുപ്പിന്റെ ഹൈഡല്‍ ടൂറിസം പാര്‍ക്കിലെ അവസ്ഥയും മറ്റൊന്നല്ല. കൊളുക്കുമല, മീശപ്പുലിമല എന്നിവിടങ്ങളില്‍ ട്രക്കിംങ്ങിനെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണെന്ന് കെഎഫ്ഡിസി അധിക്യതര്‍ പറയുന്നു. എന്നാല്‍ ഇത്തവണ ശൈത്യമെത്താന്‍ വൈകുന്നത് വിനോദസഞ്ചാരമേഘലയ്ക്ക് തിരിച്ചടിയാവുകയാണ്. ഡിസംബര്‍ 15 മുതല്‍ 5, 10,11 എന്നിങ്ങിനെയാണ് തണുപ്പ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അതിശൈത്യമെത്തിയത്. ജനുവരി 8 മുതല്‍ 12 വരെ 0 ഡിഗ്രി മുതല്‍ മൈനസ് 4 ഡിഗ്രിവരെ രേഖപ്പെടുത്തി.

എല്ലപ്പെട്ടി, മീശപ്പുലിമല, ടോപ്പ് സ്റ്റേഷന്‍, കാന്തല്ലൂര്‍, ദേവികുളം, കുണ്ടള ഗ്ലെമ്പ് എന്നിവിടങ്ങളിലാണ് തണുപ്പ് ഏറ്റവുമധികം എത്തിയത്. മഞ്ഞുവീഴ്ചയും അതിശക്തമായിരുന്നു. വൈകുന്നേരങ്ങളിലും അതിരാവിലെയും മൂന്നാറില്‍ നേരിയതോതില്‍ ഇപ്പോള്‍ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. പകല്‍ നേരങ്ങളില്‍ വെയിലിന്റെ കാഠിന്യം കുറവാണെങ്കിലും ചൂട് കുടുതലാണ്. ചൊവ്വാഴ്ച നേരിയ മഴയും പെയ്തു. മൂന്നാറിന്റെ സമീപപ്രദേശമായ വാഗുവാര തെന്മല എന്നിവിടങ്ങള്‍ കോടമഞ്ഞ് രൂക്ഷമായതോടെ വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. മൂന്നാറിലെ റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍ സന്ദര്‍ശകരെകൊണ്ട് നിറഞ്ഞതോടെ ജനുവരി അവസാനംവരെ മുറികള്‍ ലഭിക്കാത്ത  അസ്ഥയാണ് നിലവിലുള്ളത്.