രാവിലെയും വൈകുന്നേരങ്ങളിലും കാടിറങ്ങുന്ന ഒന്നരക്കൊമ്പന്‍, പ്രദേശത്തെ ഗതാഗതത്തിന് തടസമായി റോഡില്‍ നിലയുറപ്പിക്കുന്നത് പതിവാണ്.
ഇടുക്കി: മൂന്നാര്‍-ഉടുമല്‍പ്പെട്ട അന്തര്‍സംസ്ഥാന പാതയിലെ ചിന്നാല്‍ ജെല്ലിമലയ്ക്ക് സമീപം രാവിലെ ആറരയോടെ റോഡിലെത്തിയ ഒന്നരക്കൊമ്പനാണ് നിറയെ യാത്രക്കാരുമായി എത്തിയ ബസ് തടഞ്ഞിട്ട് ഗതാഗതം സ്തംഭിപ്പിച്ചത്. മറയൂര്‍ -ചിന്നാര്‍ റോഡില്‍ ഒന്നരക്കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാന സ്ഥിരം സന്ദര്‍ശകനാണ്. രാവിലെയും വൈകുന്നേരങ്ങളിലും കാടിറങ്ങുന്ന ഒന്നരക്കൊമ്പന്‍, പ്രദേശത്തെ ഗതാഗതത്തിന് തടസമായി റോഡില്‍ നിലയുറപ്പിക്കുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം രാവിലെയും കാട്ടാന റോഡില്‍ എത്തിയിരുന്നു. ഈ സമയം മൂന്നാറില്‍ നിന്നും പഴണിയിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി എത്തിയതോടെ ബസിന്‍റെ മുമ്പില്‍ നിലയുറപ്പിച്ചു. അല്പനേരം നിന്നശേഷം നടക്കാന്‍ തുടങ്ങിയെങ്കിലും കാടുകയറാന്‍ കാട്ടന കൂട്ടാക്കിയില്ല. ഇത് മേഖലയില്‍ ഗതാഗത തടസ്സത്തിന് കാരണമായി. അരമണിക്കുറിന് ശേഷം സ്വയമേവ കാട്ടിലേക്ക് നടന്ന് നീങ്ങിതോടെയാണ് വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകാന്‍ സാധിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി അജയ് എന്ന യുവാവിനെ ഒന്നര കൊമ്പന്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇയാള്‍ ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരുക്കേറ്റ് ചികിത്സയിലാണ് . തൊട്ടുത്ത ദിവസം രാത്രിയില്‍ പുതുക്കോട്ട സ്വദേശി അക്ബര്‍ അലിയെ ചിന്നാര്‍ റോഡില്‍ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
ഇതിനിടെ മൂന്നാറിലെ മറ്റൊരു കാട്ടാനയായ പടയപ്പയെ നിരീക്ഷിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു. പൊതുവേ ശാന്തനായ പടയപ്പ കഴിഞ്ഞ ദിവസങ്ങളിൽ അക്രമാസക്താനായതിനെ തുടർന്നാണ് കാട്ടാനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ തീരുമാനിച്ചതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി എക്കോ പോയിന്‍റിന് സമീപം റോഡിലിറങ്ങിയ പടയപ്പ ഏറെ നേരം ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. ഇത്തരം സമയങ്ങളില്‍ റോഡിൽ നിൽക്കുന്ന ആനയെ വാഹനങ്ങളിലൂടെ അടുത്ത് ചെന്ന് പ്രകോപിപ്പിക്കുന്നത് ശരിയല്ലെന്ന് വനം വകുപ്പ് ചൂണ്ടിക്കാട്ടി. ഒന്നര വർഷമായി ഉൾക്കാട്ടിലായിരുന്ന പടയപ്പ രണ്ടാഴ്ച്ച മുമ്പാണ് മാട്ടുപ്പെട്ടി മേഖലയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന് ശേഷമാണ് മാട്ടുപ്പെട്ടി, എക്കോ പോയിന്‍റ്, പാലാർ എന്നിവിടങ്ങളിൽ ഇറങ്ങി ഒട്ടേറെ കടകൾ തകർത്തതും പട്ടാപ്പകൽ നടുറോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയതും. ഇതിനെ തുടർന്നാണ് കാട്ടുകൊമ്പനെ നിരീക്ഷിക്കാൻ വനം വകുപ്പ് തീരുമാനമെടുത്തത്.
