ട്രെയിന്‍ നിര്‍ത്താതെ പോയപ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ വന്നവരില്‍ ചിലര്‍ വാഹനത്തില്‍ വാണിയമ്പലത്തേക്കു പുറപ്പെട്ടു. പാതിവഴിയില്‍ എത്തിയപ്പോഴാണ് ട്രെയിന്‍ പിറകോട്ടെടുത്ത് ആളെയിറക്കിയ വിവരമറിയുന്നത്.
മലപ്പുറം: പതിവു പോലെ തുവ്വൂര്‍ സ്റ്റേഷനില്‍ ഇറങ്ങാനുള്ളവര്‍ ബാഗും സാധനങ്ങളുമായി തയ്യാറായി നിന്നു. പക്ഷേ, സ്റ്റേഷന്‍ എത്താറായിട്ടും നിര്‍ത്താനുള്ള ലക്ഷണമൊന്നും ട്രെയിനിനില്ല. പുലര്‍ച്ചെയാണ് രാജ്യറാണി തുവ്വൂരില്‍ എത്തുക. തുവ്വൂര്‍ കഴിഞ്ഞിട്ടും കുതിച്ചു പായുന്ന ട്രെയിന്‍ കണ്ട് യാത്രക്കാരെ കൂട്ടാന്‍ എത്തിയവരും ഓട്ടോ തൊഴിലാളികളുമടക്കം അന്തംവിട്ടു. ട്രെയിന്‍ നിര്‍ത്താതെ പോയപ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ വന്നവരില്‍ ചിലര്‍ വാഹനത്തില്‍ വാണിയമ്പലത്തേക്കു പുറപ്പെട്ടു. പാതിവഴിയില്‍ എത്തിയപ്പോഴാണ് ട്രെയിന്‍ പിറകോട്ടെടുത്ത് ആളെയിറക്കിയ വിവരമറിയുന്നത്.
രാജ്യറാണി എക്‌സ്പ്രസ് പുലര്‍ച്ചെ 4.50നാണ് തുവ്വൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നത്. ട്രെയിന്‍ നിര്‍ത്താതെ പോകുന്നത് കണ്ടപ്പോള്‍ തുവ്വൂരില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ ബഹളമുണ്ടാക്കാനും തുടങ്ങി. റെയില്‍വേ ജീവനക്കാരടക്കം അന്ധാളിച്ചു നില്‍ക്കേ ബസ് പിറകോട്ടെടുത്ത് ആളെയിറക്കുന്നതുപോലെ ട്രെയിന്‍ പിന്നോട്ടു സഞ്ചരിച്ച് യാത്രക്കാരെ ഇറക്കുന്നതാണു പിന്നീട് കണ്ടത്. വിദ്യാര്‍ഥികളടക്കം ഏകദേശം 50 ആളുകള്‍ തുവ്വൂരില്‍ ഇറങ്ങാനുണ്ടായിരുന്നു. ട്രെയിന്‍ നിര്‍ത്താതെ പോകാനുള്ള കാരണം വ്യക്തമല്ല. നിലമ്പൂരില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനാണ് തുവ്വൂര്‍. ഷൊര്‍ണൂരില്‍ നിന്നും 45 കിലോമീറ്റര്‍ കഴിഞ്ഞാണ് ഈ സ്റ്റേഷനില്‍ എത്തുന്നത്. തുവ്വൂരിനും നിലമ്പൂരിനുമിടയില്‍ വാണിയമ്പലമാണ് ഏക സ്റ്റേഷന്‍.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സൈക്കോളജി വിദ്യാർഥിനിയായ നിഖിത ( 19) ആണ് മരണപ്പെട്ടത്. കൊല്ലം സ്വദേശിനിയായ നിഖിത, താംബരം എം സി സി കോളജിലാണ് പഠിച്ചിരുന്നത്. താംബരത്തെ സ്വകാര്യ കോളേജിലെ ഒന്നാം വർഷ ബി എസ് സി സൈക്കോളജി വിദ്യാർഥിനിയായ നിഖിത ഇരുമ്പുലിയൂരിലെ ലേഡീസ് ഹോസ്റ്റലിലായിരുന്നു താമസം.
ഇതിനടുത്തായി ഒരു സ്വകാര്യ നഴ്‌സറി സ്‌കൂളിൽ പാർട്ട് ടൈം ടീച്ചറായി നികിതയ്ക്ക് ജോലി ലഭിച്ചിരുന്നു. ജോലിക്ക് പോകാനായി ഇറങ്ങിയ നിഖിത ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടമുണ്ടായത്. ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ഗുരുവായൂർ എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. സ്ഥലത്തെത്തിയ താംബരം റെയിൽവേ പൊലീസ് നിഖിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഹെഡ്ഫോണിൽ സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിച്ചതാണ് ട്രെയിൻ വരുന്നത് ശ്രദ്ധിക്കാൻ കഴിയാതെ പോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിഖിത ഉപയോഗിച്ചിരുന്ന ഫോണും ഹെഡ്‌ഫോണും അപകടസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് നിഖിത ഹെഡ്ഫോണിൽ സംസാരിച്ചു കൊണ്ടാകും ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിച്ചതെന്ന വിലയിരുത്തലുകൾക്ക് കാരണം..
