ഇടുക്കി: മൂന്നാറിന്‍റെ മനോഹാരിതയിലേക്ക് ചൂളം വിളിച്ച് വീണ്ടും തീവണ്ടികളെത്തുന്നു. ട്രയിന്‍ ഗതാഗതത്തിനുള്ള സാധ്യതകള്‍ തേടി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം മൂന്നാറില്‍ പരിശോധന നടത്തി. 

മൂന്നാറിന്‍റെ മനോഹാരിതയിലേക്ക് വീണ്ടും റെയിൽവേ എത്തിയാലുള്ള സാധ്യതകളാണ് സംഘം വിലയിരുത്തിയത്. ഡിറ്റിപിസി സെക്രട്ടറി ജയൻ പി വിജയൻ, കണ്ണൻദേവൻ പ്ലാന്‍റേഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥൻ അജയൻ    തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പൊതു - സ്വകാര്യ പക്കാളിത്ത (പിപിപി) പ്രകാരമായിരിക്കും നിര്‍മ്മാണ പ്രവര്‍ത്തികള്‍. 

പരിശോധന റിപ്പോർട്ട് ഉടൻ തന്നെ ഇന്ത്യൻ റെയിൽവേയ്ക്ക് സമർപ്പിക്കും. തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ വിശദമായ പഠനം നടത്തും. ഹിമാലയം റെയിൽവേ മാതൃക പോലെ ഹ്രസ്വദൂരയാത്രയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മൂന്നാറിന്‍റെ മുഖഛായ തന്നെ മാറുന്ന രീതിയിൽ  പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്നും  എസ് രാജേന്ദ്രന്‍ എംഎൽഎ പറഞ്ഞു.  ട്രെയിൻ എന്ന മൂന്നാറിന്‍റെ സ്വപ്നം വീണ്ടും യാഥാർത്ഥ്യമായാൽ ടൂറിസം മേഖലയ്ക്കും അത് കൂടുതൽ കരുത്ത് പകരും.

1924 -ൽ ഉണ്ടായ വെള്ളപൊക്കത്തിന് മുമ്പുവരെ മൂന്നാറിൽ റെയിൽവേ ഉണ്ടായിരുന്നു. മൂന്നാറിൽ നിന്നുള്ള ചരക്കുഗതാഗതം സുഗമമാക്കാൻ  മോണോ റയിൽ സംവിധാനമാണ് അന്ന് ഉപയോഗിച്ചിരുന്നത്. പിന്നീട് ആവി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനുകളും സർവ്വീസ്  നടത്തിയിരുന്നു. ഈ സംവിധാനമാണ്  1924 -ലെ പ്രളയത്തിൽ തകർന്നത്.