ഏപ്രിൽ 17ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സ്നേഹയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടക്കും. അഞ്ച് ദിവസങ്ങൾക്ക് ശേഷം ആശുപത്രിക്കിടക്കയിൽ നിന്ന് പോളിംഗ് ബൂത്തിലേക്ക്..
കണ്ണൂർ: സ്നേഹയുടെ സ്വപ്നങ്ങൾ പൂവണിയുകയാണ്. മുമ്പ് പലതവണ വോട്ടു ചെയ്തിട്ടുണ്ടെങ്കിലും കണ്ണൂർ തോട്ടടയിലെ സ്നേഹയ്ക്ക് ഈ തെരഞ്ഞെടുപ്പിലെ വോട്ടാണ് ഏറ്റവും പ്രിയപ്പെട്ടത്. ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ ആഗ്രഹിച്ച സ്വത്വം സ്വന്തമാക്കിയാണ് ഇത്തവണ വോട്ട് ചെയ്യാനെത്തുക.
ഏപ്രിൽ 17ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സ്നേഹയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടക്കും. അഞ്ച് ദിവസങ്ങൾക്ക് ശേഷം ആശുപത്രിക്കിടക്കയിൽ നിന്ന് പോളിംഗ് ബൂത്തിലേക്ക് പോവും. കണ്ണൂർ മണ്ഡലത്തിലെ അഞ്ച് ട്രാൻസ് വോട്ടർമാരിൽ ഒരാളാവാനുള്ള തയ്യാറെടുപ്പിലാണ് സ്നേഹ. പലതവണ വോട്ട് ചെയ്തെങ്കിലും ഇതാണ് കന്നിവോട്ടെന്നും ശസ്ത്രക്രിയ കഴിഞ്ഞുള്ള വേദനയൊന്നും അതിനൊരു തടസമല്ലെന്നും സ്നേഹ പറയുന്നു.
മുപ്പത്തിനാലുകാരിയായ സ്നേഹ കുടുംബശ്രീ പ്രവർത്തകയാണ്. ചിപ്സ് നിർമാണ യൂണിറ്റിന്റെ സെക്രട്ടറി. ദാരിദ്ര്യത്തോട് പടവെട്ടി മുന്നേറുന്ന സ്നേഹയുടെ ആഗ്രഹങ്ങൾക്കെല്ലാം അമ്മ കൊച്ചമ്മയും കൂട്ടുണ്ട്.
ട്രാൻസ്ജെന്റർ വിഭാഗത്തിൽ വോട്ടവകാശമുള്ളവർ ഇതിലുമേറെയുണ്ടെന്നും എന്നാൽ നാണക്കേട് കൊണ്ടാണ് മുന്നോട്ട് വരാത്തതെന്ന് സ്നേഹ പറയുന്നു. എന്നാൽ തനിക്കിത് ആദ്യ വോട്ടും പുതിയൊരു ജീവിതവുമാണെന്ന് സ്നേഹ അഭിമാനത്തോടെ പറയുന്നു.
