കേരളം പ്രളയക്കെടുതി അനുഭവിക്കുന്ന സാഹചര്യത്തില്‍ തൃശൂരില്‍ ട്രാന്‍സ്‌ജെന്‍റേഴ്‌സ് നടത്താനിരുന്ന ക്വീയര്‍ പ്രൈഡ് മാറ്റിവച്ചു.

തൃശൂര്‍: കേരളം പ്രളയക്കെടുതി അനുഭവിക്കുന്ന സാഹചര്യത്തില്‍ തൃശൂരില്‍ ട്രാന്‍സ്‌ജെന്റേഴ്‌സ് നടത്താനിരുന്ന ക്വീയര്‍ പ്രൈഡ് മാറ്റിവച്ചു. ഇതിനായി സ്വരൂപിച്ച തുകയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും പ്രൈഡ് സൊസൈറ്റി തീരുമാനിച്ചു.

ആഗസ്റ്റ് 16, 17 തിയതികളിലായിരുന്നു മാനവീയം ക്വീയര്‍ ഫെസ്റ്റ് നിശ്ചയിച്ചിരുന്നത് . മലയോരങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകി ആളുകള്‍ക്ക് അപായം സംഭവിക്കുന്നു, ജീവിതോപാധികള്‍ നഷ്ടപ്പെടുന്നു. ഈ സാഹചര്യത്തില്‍ ക്വീയര്‍ പ്രൈഡ് പോലെ നിലനില്‍പ്പിനെ ആഘോഷിക്കുന്നത് ഉചിതമാവില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി. ദുരിതനാളുകള്‍ തീര്‍ന്ന് എല്ലാവര്‍ക്കും വീണ്ടും ഒന്നിച്ചു കൂടി ആനന്ദം കണ്ടെത്താറാവുന്ന മറ്റൊരു അവസരത്തിലേക്കാണ് മാറ്റി വയ്ക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

16നാണ് പരിപാടി ആരംഭിക്കുന്നതെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ തൃശൂരിലെത്തി തുടങ്ങിയിരുന്നു. പരിപാടിക്കുള്ള ഒരുക്കങ്ങളും അന്തിമഘട്ടത്തിലെത്തിനില്‍ക്കെയാണ് കേരളത്തിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി ട്രാന്‍സ്‌ജെന്റേഴ്‌സും കൈകോര്‍ക്കുന്നതിനായി തങ്ങളുടെ ആഘോഷം ഒക്ടോബര്‍ മാസത്തിലേക്ക് മാറ്റിയത്.