ഇടുക്കി: പെരിയവാര താൽക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചു. ശനിയാഴ്ചവരെയാണ് അധികൃതർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

മൂന്നാർ - ഉടുമൽപ്പെട്ട അന്തർസംസ്ഥാനപാത കടന്നു പോകുന്ന പെരിയവരയിലെ പാലം 2018-ലുണ്ടായ മഹാപ്രളയത്തിലാണ് തകർന്നത്. മൂന്നുമാസത്തിനുള്ളിൽ കോടികൾ മുടക്കി സമീപത്തായി താൽക്കാലിക പാലം നിർമ്മിച്ചെങ്കിലും കന്നിമലയാർ കരകവിഞ്ഞതോടെ തകർന്നു. വീണ്ടും നിർമ്മിച്ച പാലമാണ് കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തിൽ വീണ്ടും തകർന്നത്. ഇതോടെ  മൂന്നാംതവണയും പാലം നിർമ്മിച്ചു.

കാൽനടയാത്രക്കാർക്കു പോലും പുഴകടക്കാൻ കഴിയാതെ വന്നതോടെ ഉദ്യോഗസ്ഥർ ചെറുവാഹനങ്ങൾക്ക് കടന്നുപോകത്തക്കവിധത്തിൽ പാലം നിർമ്മിച്ചത്. വലിയ വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് സൗകര്യമൊരുക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.