ആരെയും കൂസാതെ കിലോമീറ്റര്‍ കടന്ന് ജനങ്ങളിലേക്ക്, പേടി മാറാതെ നാട്ടുകാര്‍, കാട്ടുപോത്ത് മാത്രമല്ലെന്ന് മേപ്പാടി

കല്‍പ്പറ്റ: മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള കുന്നുംപറ്റയില്‍ ജനവാസമേഖലയില്‍ കാട്ടുപോത്തിറങ്ങി. പ്രധാന റോഡിലൂടെ സഞ്ചരിച്ച് പ്രദേശവാസിയായ ഷൗക്കത്ത് എന്നയാളുടെ വീടിന് സമീപം എത്തുകയായിരുന്നു. രാത്രി എട്ടരയോടെ പുല്‍ക്കാടിന് സമീപം നില്‍ക്കുന്ന പോത്തിനെ ഇതുവഴിയെത്തിയ യാത്രികരാണ് കണ്ടത്. 

ഇവരാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. എട്ടരയോടെയായിരുന്നു സംഭവം. കുറച്ചുനേരം ഇവിടെ നിലയുറപ്പിച്ച കാട്ടുപോത്ത് പിന്നീട് കിലോമീറ്റുകളോളം ജനവാസ മേഖലയിലൂടെ തന്നെ സഞ്ചരിച്ച് ദേശീയപാതയിലേക്ക് എത്തി. തുടര്‍ന്ന് സമീപത്തെ പെരുന്തട്ട തേയില എസ്റ്റേറ്റിലേക്ക് കയറി പോകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. 

ഈ തേയില തോട്ടത്തില്‍ നിരവധി തവണ പുലി അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നതായി പ്രദേശവാസി പറഞ്ഞു. മേപ്പാടി ചൂരല്‍മല പ്രദേശങ്ങളില്‍ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ നിരന്തരം എത്തുന്നതായും ഇത് മേഖലയിലെ ടൂറിസം വ്യവസായത്തെ രൂക്ഷമായി ബാധിച്ചിരിക്കുന്നതായും പ്രദേശവാസി പറഞ്ഞു.

സ്കൂള്‍ മുറ്റത്ത് കാട്ടുപോത്ത്, വളര്‍ത്തുമൃഗങ്ങളെ കൊന്ന് പുലിയും കടുവയും; ഇതെന്ത് നാട്!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം