സ്‌കൂളിന് മതിലിനോട് ചേർന്നു കച്ചവടം നടത്തുകയായിരുന്ന തങ്കമണി, മരം കടപുഴകി വരുന്ന ശബ്ദം കേട്ടു ഓടി മാറിയതിനാൽ അപകടം പറ്റാതെ രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിന് മുന്നിലെ വൻ മരം കടപുഴകി വീണു. മതിലും വൈദ്യുത ലയിനുകളും തകർത്തു റോഡിലേക്ക് പതിച്ച മരത്തിനു അടിയിൽപെട്ടു നിരവധി വാഹനങ്ങൾ തകർന്നു. സ്‌കൂളിന് മതിലിനോട് ചേർന്നു കച്ചവടം നടത്തുകയായിരുന്ന തങ്കമണി, മരം കടപുഴകി വരുന്ന ശബ്ദം കേട്ടു ഓടി മാറിയതിനാൽ അപകടം പറ്റാതെ രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തിങ്കളാഴ്ച വൈകുന്നേരം 3.35 ഓടെയാണ് റോഡിലേക്ക് മരം കടപുഴകി വീണത്. സ്കൂൾ മതിലിനോട് ചേർന്ന് റോഡിൽ തങ്കമണി എന്ന വിധവ പഴവർഗ്ഗങ്ങൾ വിൽക്കുന്ന ഉന്തു വണ്ടിക്കും മുകളിലേക്കാണ് മതിൽ തകർത്ത് മരം വീണത്. ശബ്ദം കേട്ട് തങ്കമണി ഓടി മാറിയതിനാൽ മരത്തിനടിയിൽപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. ഇവരുടെ കട പൂർണ്ണമായും തകർന്നു.
മരം വൈദ്യുതി ലൈനിനു മുകളിൽ പതിച്ചുണ്ടായ സമ്മർദത്തിൽ വൈദ്യുത തൂണുകളും ഒടിഞ്ഞു വീണു. പ്രദേശത്ത് വൈദ്യുതബന്ധം പുർണ്ണമായും തകരാറിലായി. റോഡിന് കുറുകെ വീണ മരം റോഡിനെതിർവശത്ത് നിർത്തിയിട്ടിരുന്ന അംബാസഡർ കാറിനും ഓട്ടോറിക്ഷക്കും അടുത്തുള്ള മെഡിക്കൽ ഷോപ്പിനും മുകളിലൂടെയാണ് പതിച്ചതെങ്കിലും ആര്‍ക്കും പരിക്കില്ല.
സ്കൂൾ വിടുന്നതിന് തൊട്ടു മുൻപായതിനാൽ കട്ടികളും അപകടത്തിൽപ്പെട്ടില്ല. അഗ്നിശമന സേനയെത്തി മരം മുറിച്ചു നീക്കി. കെ എസ് ഈ ബി ജീവനക്കാരെത്തി അപകട സാധ്യത കണക്കിലെടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
