പുതൂർ പഞ്ചായത്തിലെ പാടവൽ വില്ലേജ് ഓഫീസ് മുറ്റത്തെ ഞാവൽമരമാണ് ഗണേശൻ്റെ പേടിസ്വപ്നം.
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ ഗണേശൻ എന്ന യുവാവ് വീടിന് ഭീഷണിയായ മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസിൽ കയറി ഇറങ്ങാൻ തുടങ്ങി രണ്ട് കൊല്ലമാവുന്നു. ഇതേ വില്ലേജ് ഓഫീസിലെ മരമാണ് അയൽവാസിയായ ഗണേശന്റെയും കുടുംബത്തിന്റെയും ഉറക്കം കളയുന്നത്. പുതൂർ പഞ്ചായത്തിലെ പാടവൽ വില്ലേജ് ഓഫീസ് മുറ്റത്തെ ഞാവൽമരമാണ് ഗണേശൻ്റെ പേടിസ്വപ്നം.
വീടിനോട് ചാഞ്ഞാണ് മരത്തിൻ്റെ നിൽപ്പ്. നേരത്തെ മരത്തിൻ്റെ കൊമ്പ് മുറ്റത്തെ കാറിന് മുകളിൽ വീണ് നാശനഷ്ടം ഉണ്ടായി. 2 കൊല്ലമായി ഒറ്റപ്പാലം സബ് കളക്ടർക്കും താലൂക്ക് ഓഫീസിലേക്കും പരാതി നൽകുന്നു. നടപടി ഉണ്ടായില്ല. ഞാവൽ മരം എപ്പോൾ വേണമെങ്കിലും വീഴുമെന്നാണ് ഗണേശൻ പറയുന്നത്. ഗണേശൻ്റെ പരാതിയിൽ 2 ദിവസത്തിനകം നടപടി സ്വീകരിക്കുമെന്നാണ് വില്ലേജ് ഓഫീസറുടെ പ്രതികരണം.
