മലപ്പുറം: നിലമ്പൂരിൽ വീണ്ടും ആദിവാസി കുഞ്ഞ് മരിച്ചു. ജില്ലാ ആശുപത്രിയിൽ നിന്നു വിദഗ്ദ ചികിത്സക്ക് അയച്ച ആദിവാസി കുഞ്ഞാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ രോഗനിർണയത്തിൽ വീഴ്ച വരുത്തിയതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

നിലമ്പൂർ പാത്തിപ്പാറ ചക്കപ്പാലി കോളനിയിലെ രാജുവിന്റയും സുനിതയുടെയും മൂന്ന് മാസം പ്രായമുള്ള  ആൺകുഞ്ഞാണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് ഒന്നാം തീയതി രാവിലെ രാജുവും സുനിതയും കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണിച്ചു. കഫക്കെട്ടാണെന്ന് പറഞ്ഞ് മരുന്ന് നൽകി വിട്ടയച്ചു. 

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് പിറ്റേദിവസം പുലർച്ചെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പിന്നെയും കഫക്കെട്ടിന് മരുന്നുനൽകി. വീട്ടിലെത്തി മുലപ്പാൽ നൽകവെ കുഞ്ഞിന് ശ്വാസതടസം കൂടുകയായിരുന്നു. വീണ്ടും കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും അവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിടുകയുമായിരുന്നു. ശേഷം ഇന്നലെ പുലർച്ചെ കുഞ്ഞ് മരിച്ചു. 

അണുബാധയെ തുടർന്ന് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നൽകിയ ചീട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 

രാജുവിനും സുനിതക്കും എട്ട് വർഷത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കുഞ്ഞാണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ 25 ന് മമ്പാട് ഉൾവനത്തിൽ എടക്കോട് ആദിവാസി കോളനിയിലെ പാലന്റയും സീതയുടെയും മകൾ മൂന്ന് വയസുകാരി രാജി കൃഷ്ണ മരിച്ചിരുന്നു. ഇതും ഡോക്ടർമാരുടെ അനാസ്ഥ മൂലമാണെന്ന പരാതി നിലനിൽക്കെയാണ് പുതിയ സംഭവം.