ആധാര്‍, റേഷന്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കെല്ലാം അപേക്ഷ നല്‍കിയിട്ട് നിരവധി മാസങ്ങളായെന്ന് മിനി പറയുന്നു. എന്നാല്‍, ഇതുവരെ ഇവയൊന്നും ഇവര്‍ക്ക് കിട്ടിയിട്ടില്ല

കല്‍പ്പറ്റ: ''ഞാനും മക്കളും വയറുനിറച്ച് ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി...'' മക്കളുടെ മുമ്പില്‍ കരയാതിരിക്കാന്‍ ശ്രമിച്ചെങ്കിലും മിനി എന്ന അമ്മയ്ക്ക് അതിന് കഴിഞ്ഞില്ല. പുല്‍പ്പള്ളി മരക്കടവ് കോളനിയില്‍ ഓലയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് കെട്ടിയ, വീടെന്ന് പറയുന്ന കൂരയിലാണ് മുപ്പതുകാരിയായ മിനിയും നാല് കൂട്ടികളും ജീവിക്കുന്നത്'.

സര്‍ക്കാര്‍ രേഖകളിലൊന്നും ഇവരുടെ പേരില്ല. അതിനാല്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് പോലെയുള്ള രേഖകളൊന്നും കിട്ടിയിട്ടില്ല. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കോളനിയിലെ ഈ കുടുംബത്തിന് മാത്രം രേഖകളില്ലാതെ പോയത് എങ്ങനെയെന്ന് അധികൃതര്‍ക്കും മനസിലാകുന്നില്ല.

അതേസമയം, മിനിയുടെ കുടുംബത്തിന്റെ അടക്കം നിരവധി പ്രശ്‌നങ്ങള്‍ ട്രൈബല്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വാര്‍ഡ് അംഗമായ പി വി സെബാസ്റ്റ്യന്‍ പറയുന്നത്. കുടകില്‍ ജോലിക്ക് പോയ മിനിയുടെ ഭര്‍ത്താവ് വല്ലപ്പോഴും മാത്രമാണ് കോളനിയിലെത്താറുള്ളതെന്ന് ഇവര്‍ പറയുന്നു.

മൂത്ത കുട്ടിക്ക് എട്ടു വയസായി. ആറ്, മൂന്ന്, ഒന്ന് എന്നിങ്ങനെയാണ് മറ്റു കുഞ്ഞുങ്ങളുടെ പ്രായം. ഇവരെ വീട്ടിലാക്കി കൂലിപ്പണിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ആധാര്‍, റേഷന്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കെല്ലാം അപേക്ഷ നല്‍കിയിട്ട് നിരവധി മാസങ്ങളായെന്ന് മിനി പറയുന്നു.

എന്നാല്‍, ഇതുവരെ ഇവയൊന്നും ഇവര്‍ക്ക് കിട്ടിയിട്ടില്ല. രേഖകളൊന്നും ഇല്ലാത്തതിനാല്‍ ആദിവാസികള്‍ക്കുള്ള വീടോ മറ്റ് ആനുകൂല്യങ്ങളോ ഈ കുടുംബത്തിന് ലഭിക്കുന്നുമില്ല. വേനലില്‍ കൂരക്കുള്ളില്‍ വെയിലാണെങ്കില്‍ വര്‍ഷമെത്തിയാല്‍ ചെറിയ മഴ പെയ്താല്‍ പോലും കുരയുടെ ഉള്‍വശം നനഞ്ഞുകുതിരും.

ഇഴജന്തുക്കളെ പേടിച്ചാണ് രാത്രി തള്ളിനീക്കുന്നത്. പ്രളയകാലത്ത് അയല്‍വീടുകളിലായിരുന്നു മിനിയും മക്കളും അഭയം തേടിയത്. ആദിവാസി ജനവിഭാഗങ്ങള്‍ക്ക് നീക്കിവെയ്ക്കുന്ന കോടികള്‍ കൃത്യമായി ഇവരുടെ കൈയിലെത്തുന്നില്ല എന്നതിന് മറ്റൊരു തെളിവാകുകയാണ് മിനിയുടെ ദുരിതം.