Asianet News MalayalamAsianet News Malayalam

ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയില്‍ കോളേജ് നിര്‍മാണത്തിന് നീക്കം

നാല്‍പ്പത് വര്‍ഷത്തോളമായി ഗിരിവര്‍ഗ്ഗ കൂട്ടുകൃഷി സഹകരണസംഘം നട്ടുണ്ടാക്കിയ കാപ്പി, ഏലം, കുരുമുളക്, യൂക്കാലി എന്നിവയും ഇരുപതിലധികം കെട്ടിടങ്ങളും തിരിച്ചെടുത്ത് കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള സര്‍വ്വേ പ്രവര്‍ത്തികളാണ് പ്രദേശത്ത് ആരംഭിച്ചിരിക്കുന്നത്.

tribal land miss use in wayanad
Author
Wayanad, First Published Nov 17, 2018, 5:42 PM IST

കല്‍പ്പറ്റ: വൈത്തിരിക്കടുത്ത സുഗന്ധഗിരി  നിക്ഷിപ്ത വനത്തില്‍നിന്നും 1979ല്‍ ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയ ഭൂമി പിടിച്ചെടുത്ത് മോഡല്‍ കോളേജിന് വേണ്ടി കെട്ടിടംപണിയാന്‍ നീക്കം നടക്കുന്നതായി പരാതി. 1500 ഹെക്ടര്‍ ഭൂമിയായിരുന്നു പതിച്ചു നല്‍കിയിരുന്നത്. സര്‍വ്വേ നമ്പര്‍ 177, 178, 184, 185 എന്നിവയില്‍പെട്ട സ്ഥലവും കെട്ടിടങ്ങളും കുടിയിരുത്തിയിട്ടുള്ള 750 ഗിരിവര്‍ഗ്ഗക്കാരായ പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട ആദിവാസികളുടെയും  അവരുടെ തന്നെ കൂട്ടുകൃഷി സഹകരണ സംഘത്തിന്റെയുമാണ്. 

നാല്‍പ്പത് വര്‍ഷത്തോളമായി ഗിരിവര്‍ഗ്ഗ കൂട്ടുകൃഷി സഹകരണസംഘം നട്ടുണ്ടാക്കിയ കാപ്പി, ഏലം, കുരുമുളക്, യൂക്കാലി എന്നിവയും ഇരുപതിലധികം കെട്ടിടങ്ങളും തിരിച്ചെടുത്ത് കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള സര്‍വ്വേ പ്രവര്‍ത്തികളാണ് പ്രദേശത്ത് ആരംഭിച്ചിരിക്കുന്നത്. നിക്ഷിപ്ത വനഭൂമി ആയതിനാല്‍ അനുമതിയോ അംഗീകാരമോ ഇല്ലാതെ തരംമാറ്റലും നിര്‍മാണങ്ങളും പാടില്ലെന്ന് മുന്‍ ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാര്‍ ഉത്തരവിട്ടതാണ്. 

എന്നാല്‍ ഇപ്പോഴത്തെ നീക്കങ്ങള്‍ ജില്ലാഭരണകൂടം അറിയാതെയാണെന്നും ആരോപണമുണ്ട്. പൂക്കോട് ഗിരിജന്‍ കളക്ട്ടീവ് ഫാം സൊസൈറ്റിക്ക് കീഴിലുള്ള സ്ഥലത്ത് ഇപ്പോഴുള്ള പൂക്കോട് വെറ്ററിനറി കോളേജ്, അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി, ജയില്‍, നവോദയ സ്‌കൂള്‍ എന്നിവക്ക് വേണ്ടി ഭൂമി പിടിച്ചെടുക്കുകയായിരുന്നു. പട്ടികജാതിയില്‍പെട്ടവര്‍ക്കുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ട്രൈബല്‍ ട്രെയിനിങ് സെന്റര്‍ എന്നീ കെട്ടിടങ്ങളും. 

പ്രസ്തുത സ്ഥാപനങ്ങള്‍ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ഗിരിവര്‍ഗ്ഗക്കാരായ പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട നിരവധി  ആദിവാസികള്‍ ജോലി ചെയ്തിരുന്ന പൂക്കോട് ഡയറി പ്രോജക്ട് അന്ന് നിര്‍ത്തലാക്കുകയും ചെയ്തു. ഈ ഭൂമിയില്‍ താമസിച്ചിരുന്ന ആദിവാസികളെ ഇറക്കിവിടാതെ ഇവര്‍ക്ക് സ്ഥിരംജോലിനല്‍കാമെന്നും ആശ്രിതര്‍ക്ക് തൊഴിലുറപ്പു നല്‍കാമെന്നും അന്നത്തെ സ്‌പെഷ്യല്‍ സെക്രട്ടറി വി.എസ്. സെന്തില്‍കുമാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ (ജി.ഒ.നമ്പര്‍ 3643 /98 /ആര്‍.ഡി13 .08 .98) പറയുന്നുണ്ടെങ്കിലും അറുപതിലധികം കുടുംബങ്ങളും നൂറോളം ചെറുപ്പക്കാരും തൊഴില്‍ ലഭിക്കാത്തവരായി ഇപ്പോഴുമുണ്ട്. 

അതേ സമയം ഗിരിവര്‍ഗ്ഗ സംഘത്തിന്റെ ഓഫീസിലുണ്ടായിരുന്ന 40 വര്‍ഷത്തെ സര്‍വീസ് രേഖകളും പ്രമാണങ്ങളും ഐ.ടി.ഡി.പി. ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി നശിപ്പിച്ചതായി ആദിവാസികള്‍ പറയുന്നു.
ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇരുപതിനപരിപാടിയുടെ ഭാഗമായി പശ്ചിമഘട്ട വികസനപദ്ധതിയിലുള്‍പ്പെടുത്തി തെരഞ്ഞെടുത്ത 750 ആദിവാസി കുടുംബങ്ങള്‍ക്ക് നല്കുന്നതിനായിരുന്നു നിക്ഷിപ്തവനഭൂമി ഏറ്റെടുത്തിരുന്നത്. അതേ സമയം അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍വ്വേ നടപടികളെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios