മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന ഒരു കോടിയിലധികം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ബത്തേരി സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. 

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വീണ്ടും കുഴല്‍പ്പണവേട്ട. മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ കടത്തിയ ഒരു കോടിയിലധികം രൂപയുടെ കഴല്‍പ്പണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ സുല്‍ത്താന്‍ബത്തേരി നായ്ക്കട്ടി ചിത്രാലക്കര വീട്ടില്‍ സി.കെ. മുനീര്‍ (38) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഓടിച്ചിരുന്ന കെഎല്‍ 73 എ 8540 എന്ന രജിസ്‌ട്രേഷനിലുള്ള കാറിന്റെ മുന്‍വശത്തെ ഡോറിനുള്ളില്‍ മറ്റുമായിട്ടായിരുന്നു 1,13,32500 രൂപ അടുക്കി വെച്ചിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ഇന്‍സ്‌പെക്ടര്‍ അഭിജിത്ത് സുരേന്ദ്രനും സംഘവുമാണ് പരിശോധന നടത്തിയത്.

ചോദ്യം ചെയ്യലില്‍ യുവാവിന്റെ കൈവശം പണം കൊണ്ടുവരുന്നതിന് ആവശ്യമായ രേഖകളില്ലെന്ന് മനസിലായി. പിടിച്ചെടുത്ത പണവും വാഹനവും ആദായ നികുതിവകുപ്പിന് കൈമാറി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ സുനില്‍, കല്‍പ്പറ്റ റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ജി. ജിഷ്ണു, പ്രവന്റീവ് ഓഫീസര്‍മാരായ ഇ.അനൂപ്, വി.രഘു, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.വി. വിപിന്‍കുമാര്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന തുടരുമെന്ന് വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.ജെ. ഷാജി അറിയിച്ചു.