നാട്ടുകാർ ചേർന്ന് തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കായംകുളത്തു നിന്ന് അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്.
ആലപ്പുഴ: മത്സ്യബന്ധന വല (Fishing Net) തീവച്ചു നശിപ്പിക്കാൻ ശ്രമം. വലിയഴീക്കൽ- തൃക്കുന്നപ്പുഴ തീരദേശ റോഡിൻ്റെ (Coastal Raod ) അരികിൽ സൂക്ഷിച്ചിരുന്ന ശ്രീബുദ്ധൻ വള്ളത്തിന്റെ വലയാണ് കത്തിനശിച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ തൃക്കുന്നപ്പുഴ പതിയാങ്കര 71-ാം നമ്പർ ധീവരസഭ കരയോഗത്തിൻ്റെ എതിർവശത്തായിരുന്നു സംഭവം.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി ബൈക്കിൽ മടങ്ങിയ നല്ലാണിക്കൽ സ്വദേശികളായ യുവാക്കളാണ് വലയ്ക്ക് തീപിടിക്കുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ തൊട്ടടുത്തുള്ള വീട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർ ചേർന്ന് തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കായംകുളത്തു നിന്ന് അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്. വലയിൽ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചതായാണ് സംശയം.
പതിയാങ്കര തറയിൽ ശശിധരൻ, കരിമ്പിൽ താമരാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന മത്സ്യതൊഴിലാളികൾ ചേർന്നു രൂപീകരിച്ചതാണ് വള്ളം. 14-ന് വള്ളം പണിക്കിറങ്ങാൻ തീരുമാനിച്ചിരിക്കെയാണ് സംഭവം. തൃക്കുന്നപ്പുഴ സി ഐ എം എം മഞ്ജുദാസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മത്സ്യബന്ധന ഉപകരണങ്ങൾ മോഷണം പോകുന്ന സംഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തിൽ മൽസ്യബന്ധന ഉപകരണങ്ങൾ തീവെച്ച് നശിപ്പിക്കുന്ന സംഭവം ആദ്യമായാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
