ചാക്കയിലെ രാജ്യാന്തര ടെർമിനലിലേക്കുള്ള ഓവർബ്രിഡ്ജ് ടവറുകളാണ് ചിത്ര ഗോപുരങ്ങളാക്കി മാറ്റിയത്

തിരുവനന്തപുരം: കേരളത്തിന്‍റെ സാംസ്കാരിക പെരുമ വരച്ചുകാട്ടുന്ന ചിത്ര കലാ ഗോപുരങ്ങൾ ഒരുക്കി യാത്രക്കാരെ വരവേൽക്കുകയാണ് തിരുവനന്തപുരം വിമാനത്താവളം. ചാക്കയിലെ രാജ്യാന്തര ടെർമിനലിലേക്കുള്ള ഓവർബ്രിഡ്ജ് ടവറുകളാണ് ചിത്ര ഗോപുരങ്ങളാക്കി മാറ്റിയത്. കേരളത്തിന്‍റെ തനത് കലാരൂപങ്ങൾ, സാംസ്കാരിക ബിംബങ്ങൾ, ചരിത്രസ്മാരകങ്ങൾ, കേരളത്തിന്‍റെ അഭിമാനമായി മാറിയ സ്ഥാപനങ്ങൾ എന്നിവയടങ്ങുന്ന കാൻവാസ് ആയി ടവറുകൾ മാറി. ലോകമെങ്ങും പ്രചാരം നേടിയ തെയ്യവും കഥകളിയും മുതൽ ഒപ്പനയും മാർഗംകളിയും പൂരവും രഥോത്സവവും ആദ്യ ഗോപുരത്തെ മനോഹരമാക്കുന്നു.

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛനിൽ തുടങ്ങുന്ന രണ്ടാം ഗോപുരത്തിൽ മലയാളം അക്ഷരമാലയും കളരിയും ആയുർവേദവും മുതൽ വള്ളംകളി വരെയുണ്ട്. മൂന്നാം ഗോപുരം തിരുവനന്തപുരത്തിന്‍റെ കലാ, സാംസ്കാരിക പാരമ്പര്യത്തിന്‍റെ നേർക്കാഴ്ചയാണ്. പത്മനാഭസ്വാമി ക്ഷേത്രം, ബീമാപള്ളി, പാളയം ചർച്ച്, രാജാ രവിവർമയുടെ അനശ്വര പെയിന്റിംഗുകൾ, രാജ കൊട്ടാരങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

നാലാം ഗോപുരം ആധുനിക തലസ്ഥാനത്തിന്‍റെ മുഖമാണ്. നിയമസഭാ മന്ദിരവും വിക്രം സാരാഭായി സ്പേസ് സെന്‍ററും ടെക്നോപാർക്കും നേപ്പിയർ മ്യൂസിയവും മുതൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖം വരെ നിറക്കൂട്ടുകളായി കാഴ്ചയൊരുക്കുന്നു. ഒറ്റപ്പാലത്തെ ദേവ ക്രിയേഷൻസ് സ്ഥാപകരായ അമ്പിളി തെക്കേടത്ത്, സനു ക്രാരിയേലി എന്നിവരുടെ നേതൃത്വത്തിൽ മൂന്നു മാസമെടുത്താണ് ചിത്രങ്ങൾ പൂർത്തിയാക്കിയതെന്ന് അധികൃതർ അറിയിച്ചു. 

നിറക്കൂട്ടുകള്‍ നിറച്ച മനോഹരമായ ഗോപുരങ്ങളുടെ കാഴ്ചകളാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്. ചിത്രങ്ങളെന്നതിലുപരി കേരളത്തിന്‍റെ സംസ്കാരവും കലയുമെല്ലാം വിദേശസഞ്ചാരികളിലേക്കടക്കം എത്തിക്കാൻ ഈ ആശയം സഹായകരമാകും.