Asianet News MalayalamAsianet News Malayalam

ഭക്ഷ്യവിഷബാധയേറ്റ് ഒന്‍പത് പേര്‍ ആശുപത്രിയില്‍; ബുഹാരി ഹോട്ടല്‍ വീണ്ടും അടപ്പിച്ചു

നേരത്തേയും പലവട്ടം വൃത്തിഹീനമായ ഭക്ഷണം വിളമ്പി കുപ്രസിദ്ധി നേടിയ ഈ ഹോട്ടല്‍ നഗരത്തിലെ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ ഒന്നാണ്. 

Trivandrum Buhari Hotel Closed after Customers suffers food poison
Author
Attakkulangara - Killippalam Bypass Road, First Published Dec 8, 2019, 2:08 PM IST

തിരുവനന്തപുരം: അട്ടക്കുളങ്ങര ബുഹാരി ഹോട്ടലില്‍ വീണ്ടും ഭക്ഷ്യവിഷബാധ. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികളടക്കം 9 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതേതുടര്‍ന്ന് ഹോട്ടല്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം അധികൃതരെത്തി അടപ്പിച്ചു. 

ഇന്ന് രാവിലെ ബുഹാരി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ രണ്ട് കുടുംബങ്ങളിലെ ഒന്‍പത് പേരാണ് ഭക്ഷ്യവിഷബാധയുണ്ടായി ആശുപത്രിയിലായിരിക്കുന്നത്. ഹോട്ടലില്‍ വിളമ്പിയ ഭക്ഷണം ആദ്യം കഴിച്ച കുട്ടികള്‍ അവിടെ വച്ചു തന്നെ ഛര്‍ദ്ദിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ചിക്കനില്‍ നിന്നും രൂക്ഷഗന്ധം ഉണ്ടായെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ പറയുന്നു. 

കുട്ടികള്‍ക്ക് വയ്യാതായതോടെ ഒപ്പമുണ്ടായിരുന്ന മുതിര്‍ന്നവര്‍ ഹോട്ടലില്‍ വച്ചു തന്നെ പ്രതിഷേധിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരേയും തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചെങ്കിലും ആരും സംഭവസ്ഥലത്തേക്ക് എത്തിയില്ല. 

പരാതി ഒതുക്കാനും വിളമ്പിയ ഭക്ഷണം തിരിച്ചെടുക്കാനും ഹോട്ടല്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും പരാതിക്കാര്‍ അതിനു തയ്യാറായില്ല. എന്നാല്‍ അടുക്കളയിലുണ്ടായിരുന്ന മറ്റു ഭക്ഷണസാധനങ്ങളെല്ലാം ഹോട്ടലുകാര്‍ മാറ്റിയതായി ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ പറയുന്നു. ഇതിനൊക്കെ ശേഷമാണ് ആരോഗ്യവിഭാഗം അധികൃതര്‍ ഹോട്ടലില്‍ എത്തുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തത്. 

നേരത്തേയും പലവട്ടം വൃത്തിഹീനമായ ഭക്ഷണം വിളമ്പി കുപ്രസിദ്ധി നേടിയ ഈ ഹോട്ടലാണ് തിരുവനന്തപുരം കിഴക്കേക്കോട്ടയ്ക്ക് അടുത്ത് അട്ടക്കുളങ്ങര ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബുഹാരി ഹോട്ടല്‍.  പലതവണ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഈ ഹോട്ടല്‍ അടപ്പിച്ചിരുന്നുവെങ്കിലും  താത്കാലിക അറ്റകുറ്റപ്പണികള്‍ നടത്തി ഹോട്ടല്‍ വീണ്ടും തുറക്കുകയാണ് പതിവ്. 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലിനെതിരെ  പതിവായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണത്തിനും പരിശോധനയ്ക്കും ശേഷം മാത്രമേ ഇനി ഹോട്ടല്‍ തുറക്കാന്‍ അനുവദിക്കൂ എന്നും തിരുവനന്തപുരം മേയര്‍  അറിയിച്ചു. 

Follow Us:
Download App:
  • android
  • ios