തിരുവനന്തപുരം ഉള്ളൂരിൽ സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി കടയുടമയായ വയോധികയുടെ രണ്ടുപവന്റെ മാല പൊട്ടിച്ചെടുത്ത പ്രതികളെ പോലീസ് പിടികൂടി. വെഞ്ഞാറംമൂടിലെ സ്ഥാപനത്തിൽ പണയം വെച്ച മാല കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്
തിരുവനന്തപുരം: വയോധികയുടെ മാലപൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി. തിരുവനന്തപുരം പോങ്ങുംമൂട് പനച്ചവിളവീട്ടിൽ അരുൺ(27), നീരാഴി ലെയ്‌ൻ പണയിൽ പുത്തൻവീട്ടിൽ സൂരജ് (27) എന്നവരാണ് അറസ്റ്റിലായത്. ഉള്ളൂർ പ്രശാന്ത് നഗറിൽ വീടിനോടു ചേർന്ന് സ്റ്റേഷനറിക്കട നടത്തുന്ന 70 കാരിയായ വയോധികയുടെ രണ്ടുപവൻ്റെ മാലയാണ് കഴിഞ്ഞ ദിവസം ഇവർ കവർന്നത്.
സാധനം വാങ്ങാനെന്ന വ്യാജേനെയാണ് പ്രതികൾ കടയിൽ എത്തിയത്. ഹെൽമെറ്റും മാസ്‌കും ധരിച്ച് കടയിൽ കയറിയ അരുൺ വയോധികയുടെ കഴുത്തിൽക്കിടന്ന മാല വലിച്ചു പൊട്ടിച്ചെടുത്തു. ഈ സമയത്ത് കടയ്ക്ക് പുറത്ത് ബൈക്കിൽ ഇരിക്കുകയായിരുന്നു സൂരജ്. അരുൺ മാല പൊട്ടിച്ചതിന് പിന്നാലെ സൂരജിന്റെ ബൈക്കിൽ ചാടിക്കയറി. പിന്നീട് ഇരുവരും ഇവിടെ നിന്ന് രക്ഷപ്പെട്ടു.
സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഈ മാല വെഞ്ഞാറമൂട്ടിലുള്ള സ്വർണപ്പണയ സ്ഥാപനത്തിൽ പണയം വെച്ചതായി കണ്ടെത്തി. തുടർന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത പൊലീസ് കുന്നിക്കോടിനടുത്ത് നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. പണയംവയ്ക്കാനും പ്രതികളെ ഒളിവിൽ കഴിയാനും സഹായിച്ച മൂന്നാംപ്രതി ബിനുവിനെയും അറസ്റ്റു ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്നുപേരെയും റിമാൻഡ് ചെയ്തു.


