Asianet News MalayalamAsianet News Malayalam

ചിത്രച്ചുമരുകള്‍ കഴുകിമിനുക്കി മേയറും സംഘവും; പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ നടപടിക്കൊരുങ്ങി ജില്ലാഭരണകൂടം

തലസ്ഥാന നഗരത്തിന്‍റെ ആകർഷണങ്ങളിലൊന്നായ ചിത്ര ചുമരുകൾ വൃത്തികേടാക്കിയവരെ കണ്ടെത്താൻ നടപടിയെടുക്കാന്‍ ജില്ലാഭരണകൂടം. പോസ്റ്ററുകള്‍ നീക്കം ചെയ്ത് മേയറും സംഘവും.

trivandrum mayor clean posters over wall painting
Author
Thiruvananthapuram, First Published Jan 29, 2019, 11:29 AM IST

തിരുവനന്തപുരം: പോസ്റ്ററൊട്ടിച്ച് അലങ്കോലമാക്കിയ തലസ്ഥാന നഗരത്തിലെ ചിത്രചുമരുകള്‍ കഴുകിമിനുക്കി മേയറും സംഘവും. ചുമരുകള്‍ അലങ്കോലമാക്കുന്നവർക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മേയര്‍ വികെ പ്രശാന്ത് പറഞ്ഞു. നഗരത്തില്‍ നടക്കുന്ന വിവിധ പരിപാടികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അടക്കം പോസ്റ്ററുകള്‍ പതിച്ചാണ് ചിലര്‍ ആര്‍ട്ട് ഏരിയ ചുമരുകള്‍ അലങ്കോലമാക്കിയത്. 

ഇന്ത്യയിലെ തന്നെ വലിയ പബ്ലിക് ആര്‍ട്ട് പൊജക്ടായിരുന്നു തലസ്ഥാനത്തെ ആര്‍ട്ടീരിയ ചുമരുകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നഗരത്തിന്‍റെ ശ്രദ്ധാകേന്ദ്രമാണ് ഈ ചുമരുകള്‍. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് 2016ലാണ് നഗരത്തെ വരകളിലൂടെ സുന്ദരിയാക്കിയത്. കാനായി കുഞ്ഞിരാമന്‍ അടക്കമുള്ള 20 ചിത്രകാരന്‍മാരുടെ ദിവസങ്ങള്‍ നീണ്ട പ്രയത്നമായിരുന്നു ചുമരുകളെ മനോഹരമാക്കിയത്. ഈ ചിത്രങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെയാണ് നഗരവാസികള്‍ ഈ സൃഷ്ടികളോടുള്ള സ്നേഹവും ആദരവും കാണിച്ചത്. 

എന്നാല്‍ ജില്ലാഭരണകൂടത്തിന്‍റെ മുന്നറിയിപ്പുകള്‍ കാറ്റില്‍ പറത്തിയാണ് ചിത്രങ്ങള്‍ക്കു മുകളില്‍ പോസ്റ്ററുകള്‍ പതിച്ചത്. പാളയം ബസ് കാത്തിരുപ്പ് കേന്ദ്രത്തിനടുത്തെ ചിത്രചുമരിലാണ് പോസ്റ്ററുകള്‍ പതിച്ചത്. ഇതിനെതിരെ നവമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകര്‍ക്കൊപ്പമെത്തി മേയര്‍ ചുമരുകള്‍ വൃത്തിയാക്കിയത്.

Follow Us:
Download App:
  • android
  • ios