തൃശൂര്‍: കനത്ത മഴയിൽ വീട്ടിലെത്താൻ ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ സംഘം ചേർന്ന് അപമാനിക്കാൻ ശ്രമം. ഒളരിയിലെ ബാറിന് സമീപത്ത് വെച്ചാണ് സംഭവം. യുവതിയുടെ പരാതിയില്‍ രണ്ട് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഓട്ടോ ഡ്രൈവർ അഞ്ചേരി സ്വദേശി ചൂണ്ടയിൽ വീട്ടിൽ അജീഷ് (49), കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഓട്ടോ ഡ്രൈവർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കേസുണ്ട്.  യുവതിയുടെ പരാതിയില്‍ പറയുന്നതിങ്ങനെ:

തമിഴ്നാട് സ്വദേശിനിയായ യുവതി എറണാകുളത്താണ് ജോലി ചെയ്യുന്നത്. തൃശൂര്‍ സ്വദേശിയായ യുവാവുമായുള്ള വിവാഹം നിശ്ചയവും കഴിഞ്ഞിരുന്നു. ഇവിടേക്ക് പോകാനായാണ് യുവതി തൃശൂരെത്തിയത്. വിവാഹം ഉറപ്പിച്ച യുവാവും സഹോദരിയും രാത്രിയില്‍  കെഎസ്ആർടിസി സ്റ്റാന്‍ഡില്‍ വിളിക്കാന്‍ എത്തുമെന്ന് അറിയിച്ചിരുന്നു.

എന്നാൽ മഴ ശക്തമായതോടെ ഇവിടെ നിന്നും ഓട്ടോറിക്ഷ വിളിച്ചു വന്നോളാൻ ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് ഓട്ടോയിൽ കയറി വീട്ടിലേക്ക് പോവുന്നതിനിടെ ഒളരിയിൽ ബാറിന് സമീപത്ത് വെച്ച് ഓട്ടോക്ക് കൈ കാണിച്ച് മറ്റൊരാൾ കയറുകയായിരുന്നു. ഇതോടെ തന്നെ ഇവിടെ ഇറക്കിക്കൊള്ളാൻ യുവതി ആവശ്യപ്പെട്ടു.

എന്നാല്‍, ഓട്ടോ‍യിൽ കയറിയ ആള്‍ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.  യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് രക്ഷിച്ചത്. പിന്നീട് വിവരമറിയിച്ചതനുസരിച്ച് വിവാഹം ഉറപ്പിച്ച യുവാവും സഹോദരിയുമെത്തി യുവതിയെ കൂട്ടിക്കൊണ്ടു പോയി. ഇതിനിടെ ഓട്ടോ ഡ്രൈവറും അപമാനിക്കാൻ ശ്രമിച്ചയാളും രക്ഷപ്പെട്ടു. വെസ്റ്റ് പൊലീസിന് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.