വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേ രണ്ട് കിലോ കഞ്ചാവുമായാണ് ഇവരെ പിടികൂടിയത്.  പിടിയിലായത് കാസര്‍ക്കോട് സ്വദേശികളാണ്. 

കാസര്‍കോട്: വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേ രണ്ട് കിലോ കഞ്ചാവുമായാണ് ഇവരെ പിടികൂടിയത്. പിടിയിലായത് കാസര്‍ക്കോട് സ്വദേശികളാണ്. ദേശീയ പാതയില്‍ പാലയാട്ട് നടയില്‍, വടകര പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് രണ്ട് കിലോ കഞ്ചാവുമായി മൂന്ന് പേരെ പിടികൂടിയത്.

കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി മുനീര്‍, കുണിയ സ്വദേശി മുസ്തഫ, കാഞ്ഞ‌ങ്ങാട് പടന്നക്കാട് സ്വദേശി സിദ്ധീഖ് എന്നിവരാണ് അറസ്റ്റിലായത്. ഖത്തറിലേക്ക് പോകാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരനെ ഏല്‍പ്പിക്കാനാണ് സംഘം കഞ്ചാവ് കൊണ്ട് പോയത്. വിദേശത്തേക്ക് മയക്കുമരുന്ന് കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

പിടിയിലായ മുസ്തഫ മൂന്ന് തവണ ഖത്തറില്‍ പോയതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇയാളാണ് സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. റിക്രൂട്ടിംഗിനായി പ്രത്യേക ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്നത് സംബന്ധിച്ച അന്വേഷണത്തിലാണ് പോലീസ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഈ സംഘം ലഹരിമരുന്ന് കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.