വയനാട് തൊണ്ടർനാട് ചീപ്പാട് ബിവറേജസിലെ മോഷണത്തിന്‍റെ മറവില്‍ ഉദ്യോഗസ്ഥര്‍ മദ്യം അടിച്ചുമാറ്റിയതായി കണ്ടെത്തി. ഷോപ്പ് ഇൻ ചാർജിനെയും ഓഡിറ്റ് മാനേജരേയും ബെവ്കോ സസ്പെന്‍റ് ചെയ്തു.

കൽപ്പറ്റ: മോഷണം നടന്നതിന്‍റെ മറവില്‍ പതിനായിരങ്ങള്‍ വിലയുള്ള മദ്യകുപ്പികള്‍ കടത്തിയ സംഭവത്തില്‍ രണ്ട് ബെവ്കോ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വയനാട് തൊണ്ടർനാട് ചീപ്പാട് ബിവറേജസിലെ ഷോപ്പ് ഇൻ ചാർജിനെയും ഓഡിറ്റ് മാനേജരേയും ആണ് ബെവ്കോ സസ്പെന്‍റ് ചെയ്തത്. നാല് മദ്യകുപ്പികൾ മോഷ്ടിക്കപ്പെട്ടതിന്‍റെ മറവില്‍ 80 മദ്യകുപ്പികളാണ് ഉദ്യോഗസ്ഥർ അടിച്ചു മാറ്റിയത്.

ജനുവരി എട്ടാം തീയ്യതിയാണ് ചീപ്പാട് ബിവറേജസില്‍ മോഷണം നടന്നത്. 22,000 രൂപയും 80 വിലയേറിയ മദ്യകുപ്പികളും മോഷണം പോയി. എന്നാല്‍ സിസിടിവി പരിശോധിച്ച തൊണ്ടർനാട് പൊലീസിന് സംഭവത്തില്‍ ദുരൂഹത തോന്നിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട മോഷ്ടാക്കളുടെ കൈവശം ഉള്ള ചെറിയ ബാഗില്‍ എങ്ങനെ ഇത്രയേറെ മദ്യകുപ്പികള്‍ കടത്തിയെന്നതായിരുന്നു പൊലീസിന്‍റെ സംശയം. പിന്നാലെ നടന്ന അന്വേഷണത്തില്‍ മോഷ്ടാക്കളായ കോഴിക്കോട് സ്വദേശി സതീശനും എറണാകുളം സ്വദേശി ബിജുവും അറസ്റ്റിലായി. 80 കുപ്പികളൊന്നും തങ്ങള്‍ മോഷ്ടിച്ചിട്ടില്ലെന്നും എടുത്തത് വെറും നാല് കുപ്പികൾ മാത്രമെന്നും ഇരുവരും പൊലീസിനോട് പറ‍ഞ്ഞു.

വിശദമായ അന്വേഷണത്തിലാണ് സംഭവത്തില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. മോഷണത്തിന്‍റെ മറവില്‍ ബിവറേജസ് ഉദ്യോഗസ്ഥർ തന്നെ മദ്യകുപ്പികള്‍ അടിച്ചുമാറ്റിയെന്ന് തെളിഞ്ഞു. ഷോപ്പ് ഇൻ ചാർജായ ഹരീഷ് കുമാറും മദ്യകുപ്പികളുടെ കണക്കുകള്‍ പരിശോധിക്കേണ്ട ഓഡിറ്റ് മാനേജർ ആയ കെ ടി ബിജുവും ചേർന്നാണ് ക്രമക്കേട് നടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്‍. 92,000 രൂപയുടെ മദ്യമാണ് കള്ളൻമാരുടെ തലയില്‍ വച്ച് കെട്ടി ഉദ്യോഗസ്ഥർ കടത്തിയത്. പിടിക്കപ്പെടുമെന്നായപ്പോള്‍ ക്രമക്കേട് മറക്കാനും ശ്രമമുണ്ടായി. ചില കുപ്പികള്‍ കാലിചാക്കിന് ഇടയില്‍ നിന്ന് കിട്ടിയെന്ന് വരുത്തി തീർത്തപ്പോള്‍ കൃത്രിമമായി ബില്ല് അടിച്ച് വിറ്റ് പോയെന്ന് വരുത്താനും നീക്കം നടന്നു. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെയും ബെവ്കോ സസ്പെന്‍റ് ചെയ്തു.