എവിടെനിന്നാണ് ഇത്രയും സാധനങ്ങൾ പശുവളർത്തൽ കേന്ദ്രത്തിലെത്തിയതെന്ന പരിശോധന നടന്നുവരികയാണ്
തിരുവനന്തപുരം: വെള്ളായണിയിൽ പശുവളർത്തൽ കേന്ദ്രത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷൻ ഗോതമ്പും പായ്ക്കറ്റ് ആട്ട മാവും പൊതുവിതരണ വകുപ്പ് പിടിച്ചെടുത്തു. വെള്ളായണി ശാന്തിവിള കുരുമി ജങ്ഷനു സമീപത്തെ പശുവളർത്തൽ കേന്ദ്രത്തിലാണ് താലൂക്ക് സപ്ലൈ ഓഫീസർ ബീനാ ഭദ്രന്റെ നേതൃത്വത്തിൽ പൊതുവിതരണ വകുപ്പിന്റെ വിജിലൻസ് സംഘം പരിശോധന നടത്തിയത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 265 കിലോ റേഷൻ ഗോതമ്പും 200 പായ്ക്കറ്റ് ആട്ടമാവും ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തു. പൊതുവിതരണ വകുപ്പിലെ വിജിലൻസ് വിഭാഗത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധന നടത്തിയത്. എവിടെനിന്നാണ് ഇത്രയും സാധനങ്ങൾ പശുവളർത്തൽ കേന്ദ്രത്തിലെത്തിയതെന്ന പരിശോധന നടന്നുവരികയാണ്. ഇതിനായി സമീപ പ്രദേശങ്ങളിലെ റേഷൻകടകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇതിന് പിന്നിലാരാണെന്നത് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊതുവിതരണ വകുപ്പിലെ വിജിലൻസ് വിഭാഗം.

അതേസമയം റേഷൻ കാർഡ് ഉപയോക്താക്കൾ അറിയേണ്ട മറ്റൊരു കാര്യം റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട സമയപരിധി കേന്ദ്ര സർക്കാർ നീട്ടി എന്നതാണ്. 2023 മാർച്ച് 31 ആയിരുന്നു ആദ്യത്തെ കാലാവധിയെങ്കിൽ ഇപ്പോൾ അത് 2023 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. റേഷൻ കാർഡുകളിൽ സുതാര്യത ഉറപ്പാക്കുകയും അര്ഹരിലേക്ക് തന്നെയാണ് ആനുകൂല്യങ്ങൾ എത്തുന്നതെന്ന് ഉറപ്പുകയും ചെയ്യാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് സഹായിക്കും. ഒപ്പം ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാർഡുകൾ എന്നിവ ഇല്ലാതാക്കാനും സഹായിക്കും.
ആധാറും റേഷനും ഇതിനകം ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ആധാറും റേഷനും എങ്ങനെ ലിങ്ക് ചെയ്യാമെന്ന് അറിഞ്ഞിരിക്കൂ.
ആധാർ കാർഡും റേഷൻ കാർഡും ഓൺലൈനായി ലിങ്ക് ചെയ്യാനുള്ള മാർഗം
1) കേരളത്ത്തിന്റെ പൊതുവിതരണ സംവിധാനത്തിന്റെ വെബ്സൈറ്റ് തുറക്കുക. ഓരോ സംസ്ഥാനത്തിനും അതിന്റേതായ പോർട്ടൽ ഉണ്ടായിരിക്കും.
2) ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
3) നിങ്ങളുടെ റേഷൻ കാർഡ്, ആധാർ കാർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ എന്നിവ നൽകുക.
4) "തുടരുക/സമർപ്പിക്കുക" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
5) നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ ലഭിച്ച ഒടിപി നൽകുക.
6) ലിങ്ക് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് സന്ദേശം ലഭിക്കും.
