രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്നേ കുഞ്ഞുവര്‍ക്കി ശുദ്ധജല മത്സ്യകൃഷി തുടങ്ങി. ഇന്ന് ചെറിയ സ്ഥലത്ത് നിന്ന് ധാരാളം പണം സമ്പാദിക്കുവാന്‍ കുഞ്ഞുവര്‍ക്കിക്ക് കഴിയുന്നു.  

ഇടുക്കി: കഴിഞ്ഞ ഇരുപത് വര്‍ഷമായി ശുദ്ധജല മത്സകൃഷിയില്‍ വിജയം കൊയ്യുകയാണ് കുഞ്ഞുവര്‍ക്കിയെന്ന കുടിയേറ്റ കര്‍ഷകന്‍. പ്രതിവര്‍ഷം ഒരു ലക്ഷം രൂപയിലധികം വരുമാനമാണ് അഞ്ച് സെന്‍റ് സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന രണ്ട് കുളങ്ങളിലെ മത്സ്യ കൃഷിയില്‍ നിന്നും ഇദ്ദേഹത്തിന് ലഭിക്കുന്നത്. പച്ചക്കറികള്‍ക്കൊപ്പം അന്യ സംസ്ഥാനത്ത് നിന്നും വിഷം നിറച്ചെത്തുന്ന മത്സ്യങ്ങളുടെ വരവിന് തടയിടുന്നതിനായി സര്‍ക്കാര്‍ ശുദ്ദജല മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ്. എന്നാല്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക മുന്നേ മത്സ്യ കൃഷിയുടെ സാധ്യത തിരിച്ചറിഞ്ഞ വ്യക്തിയാണ് വെള്ളത്തുവല്‍ പഞ്ചായത്തിലെ എല്ലക്കല്‍ പോത്തുപാറ സ്വദേശി ചുനയംമാക്കല്‍ കുഞ്ഞുവര്‍ക്കി. 

കുടിയേറ്റ കാലം മുതല്‍ മുതിരപ്പുഴയാറില്‍ മീന്‍ പിടുത്തം ഇദ്ദേഹത്തിന് ഹരമായിരുന്നു. ഇത്തരത്തില്‍ മീനുകളോടുണ്ടായ താല്‍പര്യമാണ് ഇരുപത് വര്‍ഷം മുമ്പ് വീടിന് സമീപത്തായി വലിയ കുളം നിര്‍മ്മിച്ച് ഇതില്‍ ശുദ്ധജലം നിറച്ച് മത്സ്യ കൃഷി ആരംഭിച്ചത്. വീടിന്‍റെ മുറ്റത്തോട് ചേര്‍ന്നുള്ള കുളം രണ്ട് സെന്‍റ് സ്ഥലത്തോളം വരും. വീടിനോട് ചേര്‍ന്ന് മറ്റൊരു കുളവും നിര്‍മ്മിച്ചും മത്സ്യ കൃഷി നടത്തുന്നുണ്ട്. കട്ടള, റൂഹ്, ഗ്രാസ്‌ക്കാര്‍പ്പ്, കാളാഞ്ചി, സിലോപ്യ, പൂമീന്‍ അടക്കമുള്ള മത്സ്യങ്ങളാണ് ഇദ്ദേഹം കൃഷി കൃഷി ചെയ്യുന്നത്. 

പ്രതിവര്‍ഷം എഴുപതിനായിരത്തോളം രൂപയുടെ മത്സ്യം വില്‍പ്പന നടത്തുന്നതിനൊപ്പം മുപ്പതിനായിരം രൂപയിലധികം മത്സ്യകുഞ്ഞുങ്ങളെ വില്‍ക്കുന്നുമുണ്ട്. ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നും മത്സ്യകുഞ്ഞുങ്ങളെ വാങ്ങുന്നതിനായി നിരവധി ആലുകള്‍ ഇവിടെയെത്തുന്നു. കുറഞ്ഞ ചിലവില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുവാന്‍ കഴിയുന്ന കൃഷിയാണ് മത്സ്യകൃഷിയെന്ന് കുഞ്ഞുവര്‍ക്കി പറയുന്നു.