Asianet News MalayalamAsianet News Malayalam

റേഷന്‍കടയിലെ മോഷണത്തില്‍ വന്‍ ട്വിസ്റ്റ്: ഉടമ തന്നെ പ്രതിയെന്ന് പൊലീസ് കണ്ടെത്തി

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാനന്തവാടി മൊതക്കരയിലെ റേഷൻ കടയില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയെന്ന് വെള്ളമുണ്ട പൊലീസിൽ പരാതി ലഭിച്ചത്

twist in wayanad mananthavady ration shop theft
Author
Kalpetta, First Published Jan 30, 2020, 11:27 AM IST

കല്‍പറ്റ: വയനാട് മാനന്തവാടിയിലെ റേഷൻകടയിൽനിന്നും കഴിഞ്ഞയാഴ്ച ഭക്ഷ്യധാന്യങ്ങൾ വൻതോതിൽ മോഷണംപോയെന്ന പരാതിയില്‍ നിർണായക വഴിത്തിരിവ്. 250 ചാക്കിലധികം ധാന്യം മോഷണംപോയെന്ന കടയുടമയുടെ പരാതി വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സ്റ്റോക്ക് മറിച്ചുവിറ്റശേഷം കടയുടമ വി അഷറഫ് പൊലീസിൽ വ്യാജപരാതി നൽകുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാനന്തവാടി മൊതക്കരയിലെ റേഷൻ കടയില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയെന്ന് വെള്ളമുണ്ട പൊലീസിൽ പരാതി ലഭിച്ചത്. കടയുടമയായ അഷ്‌റഫാണ് പരാതി നൽകിയത്. എന്നാൽ ഇത്രയധികം ധാന്യം രാത്രി ഒറ്റയടിക്ക് എങ്ങനെ മോഷ്ടാക്കൾ കടയില്‍നിന്നും കടത്തിയെന്നു സംശയം ഉയർന്നിരുന്നു. സംഭവത്തിൽ വെള്ളമുണ്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഷറഫിന്‍റെ പരാതി വ്യാജമാണെന്ന് കണ്ടത്തിയത്.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ കടയിലെക്ക് വില്‍ക്കാനായി എത്തിച്ച സ്റ്റോക്ക് മോഷണം പോയെന്നായിരുന്നു പൊലീസിനോട് ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ ഈ ധാന്യമത്രയും കൂടുതൽ വിലയ്ക്ക് മറിച്ചു വിറ്റശേഷം ഇയാൾ പൊലീസിൽ വ്യാജപരാതി നൽകുകയായിരുന്നു എന്നാണ് വെള്ളമുണ്ട സിഐയുടെ അന്വേഷണത്തിലെ കണ്ടെത്തൽ.

പ്രദേശവാസികളുടെ മൊഴിയും അന്വേഷണത്തില്‍ നിർണായകമായി. വ്യാജ പരാതി നൽകി കബളിപ്പിക്കാൻ ശ്രമിച്ചതിന് അഷറഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ പേരിലുള്ള ലൈസൻസ് നേരത്തെ ജില്ലാ സപ്ലൈ ഓഫീസർ റദ്ദാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios