കൊച്ചിയിൽ പോലീസ് നടത്തിയ പരിശോധനയിൽ എട്ടര ഗ്രാമിലേറെ എംഡിഎംഎ പിടികൂടി. ഇടപ്പള്ളി, മരട് എന്നിവിടങ്ങളിൽ നിന്നായി ലഹരിമരുന്ന് വിതരണം ചെയ്യാനെത്തിയ കായംകുളം, പള്ളുരുത്തി സ്വദേശികളായ രണ്ടുപേർ അറസ്റ്റിലായി. പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് ഇവരെ പിടികൂടിയത്.
കൊച്ചി: കൊച്ചി നഗരത്തിൽ വീണ്ടും രാസലഹരി പിടികൂടി. കൊച്ചിയിൽ രണ്ടിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിലായത്. ഇവരിൽ നിന്ന് ആകെ എട്ടര ഗ്രാമിലേറെ എംഡിഎംഎ കണ്ടെത്തി. പിടിയിലായ ഒരാൾ കായംകുളം സ്വദേശിയും മറ്റൊരാൾ പള്ളുരുത്തി സ്വദേശിയുമാണ്. ഇടപ്പള്ളിയിൽ നിന്നാണ് ഒരാളെ പിടികൂടിയത്. രണ്ടാമനെ മരട് ഭാഗത്ത് നിന്നും പിടികൂടിയെന്നാണ് കൊച്ചി സിറ്റി പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ലഭിക്കുന്ന വിവരം.
ആലപ്പുഴ, കായംകുളത്തിനടുത്ത് പുള്ളിക്കണക്ക് കുറ്റിയിൽ കിഴക്കേതി മുഹമ്മദ് അജ്‌മലാണ് പിടിയിലായ ഒന്നാമൻ. 32 വയസ് പ്രായമുള്ള അജ്‌മലിനെ ഇടപ്പള്ളി ഭാഗത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 5.66 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെത്തി. ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ എത്തിച്ചതാണ് ഇതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
പിന്നീട് മരട് ഭാഗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ അറസ്റ്റ്. പള്ളുരുത്തി ചിറക്കൽ ആഷ്‌ന മൻസിലിൽ പിഎം ഷമീറാണ് മരടിൽ നിന്ന് പിടികൂടിയത്. ഇയാൾക്ക് 49 വയസാണ് പ്രായം. ഇയാളുടെ കൈവശമുണ്ടായിരുന്ന 2.91 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. ഡാൻസാഫ് ടീമും പൊലീസും ചേർന്നാണ് രണ്ടിടത്തും പരിശോധന നടത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം കൊച്ചി സിറ്റി നാർകോടിക് സെൽ എസിപി കെഎ അബ്‌ദുൾ സലാമിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.



