കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ എട്ട് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ ലത്തീഫ്, ഫിറോസ് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വടകര പാലയാട് നാഷണൽ ഹൈവേയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കെ എൽ 10 എ എച്ച് 3403  നമ്പറുള്ള ഓട്ടോറിക്ഷയിലാണ്  8.150 കിലോ​ഗ്രാം കഞ്ചാവ് കടത്താൻ പ്രതികൾ ശ്രമിച്ചത്. ഈ ഓട്ടോയും എക്സൈസ് ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം, പ്രതികൾക്ക് കഞ്ചാവ് നൽകിയ കൈമൾ ബാബു എന്ന നിഷാലിനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. 

ഓണം പ്രമാണിച്ച് മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ വിപണനം തടയുന്നതിന്റെ ഭാഗമായി വടകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം കൃഷ്ണ കുമാറിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുകയായിരുന്നു.