ആലപ്പുഴ: ഹോട്ടലിന്റെ മറവില്‍ ടൂറിസ്റ്റുകള്‍ക്ക് വ്യാജചാരായ  വിൽപ്പന  നടത്തിവന്നിരുന്ന  രണ്ടുപേർ പിടിയിൽ. വേമ്പനാട് കായലിലെ ആര്‍ ബ്ലോക്കില്‍ ഹോട്ടല്‍ നടത്തുന്ന കുമരകം പതിയാരത്ത് വീട്ടില്‍ മധു ബാബു, മാരാരിക്കുളം തോപ്പുവേളി വീട്ടില്‍ സുഭാഷ് എന്നിവരാണ് പിടിയിലായത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ഗിരീഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.

ഹോട്ടലിന്റെ മറവില്‍ ടൂറിസ്റ്റുകള്‍ക്ക് മദ്യക്കച്ചവടം നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വേമ്പനാട് കായലിലെ ആര്‍. ബ്ലോക്കില്‍ എക്‌സൈസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന്  105 ലിറ്റര്‍ ചാരായവും  പിടിച്ചെടുത്തു.  ലിറ്ററിന് 1000 രൂപ നിരക്കിലായിരുന്നു വില്‍പ്പന. മധു ബാബു നേരത്തെയും ചാരായ കേസില്‍ പ്രതിയായിരുന്നു.സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ  ചാരായവേട്ടയാണിതെന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.