വലപ്പാട് തിരുപഴഞ്ചേരി സ്വദേശി അഖില്‍, നാട്ടിക സ്വദേശി രഞ്ജിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് തിരുപഴഞ്ചേരി സ്വദേശി മണക്കാട്ടുപടി അപ്പു (അഖില്‍ 30), നാട്ടിക പോളി ജങ്ഷന്‍ സ്വദേശി താറോട്ട് വീട്ടില്‍ കണ്ണന്‍ (രഞ്ജിത്ത് 42) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ എട്ടിന് രാത്രി 10 ന് അഞ്ചങ്ങാടി സ്വദേശി ഊണുങ്ങല്‍ വീട്ടില്‍ ബൈജു (32) വിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.

വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയി തിരിച്ച് വരുമ്പോള്‍ ബൈജുവിന്റെ സുഹൃത്ത് പ്രതികളുടെ കൈയില്‍നിന്ന് 350 രൂപ വാങ്ങിയത് തിരികെ കൊടുക്കാത്തതിലുള്ള വൈരാഗ്യത്താല്‍ അഞ്ചങ്ങാടി ഷാപ്പിനടുത്തുള്ള വഴിയില്‍ വച്ചാണ് ആക്രമിച്ചത്.

അഖിലിന് വലപ്പാട് പൊലീസ് സ്റ്റേഷനില്‍ ഒരു മോഷണക്കേസും മയക്കുമരുന്ന് ഉപയോഗിച്ചതിന് മറ്റൊരു കേസും നെടുപുഴ പോലീസ് സ്റ്റേഷനില്‍ ഒരു അടിപിടിക്കേസും കാട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് വാഹനമോടിച്ച ഒരു കേസുമുണ്ട്.

രഞ്ജിത്തിന് വലപ്പാട് പൊലീസ് സ്റ്റേഷനില്‍ വീടു കയറി ആക്രമണം നടത്തിയ കേസും തീവച്ച് നാശനഷ്ടം വരുത്തിയ കേസുമുണ്ട്. വലപ്പാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷ്, സബ് ഇന്‍സ്‌പെക്ടര്‍ മാരായ സി.എന്‍. എബിന്‍, സിനി, സി.പി.ഒ മാരായ സതീഷ്, പ്രണവ്, സാന്റല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.