കഴിഞ്ഞ ഏപ്രില്‍ എഴിനാണ് ഷാഫിയെ വീട്ടില്‍ നിന്നും നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്.
കോഴിക്കോട്: താമരശേരി പരപ്പന്‍ പൊയിലില്‍ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. കര്‍ണ്ണാടക കന്യാന സ്വദേശികളായ മണ്ടിയൂര്‍ വീട്ടില്‍ നൗഫല്‍ നവാസ്( 25), മണ്ടിയൂര്‍ വീട്ടില്‍ ഇബ്രാഹിം ഖലീല്‍ (32) എന്നിവരെയാണ് താമരശ്ശേരി വെച്ച് ഡിവൈഎസ്പി അഷ്‌റഫ് തെങ്ങിലക്കണ്ടി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രില്‍ എഴിനാണ് ഷാഫിയെ വീട്ടില്‍ നിന്നും നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. പിന്നീട് ദിവസങ്ങള്‍ക്കു ശേഷം മൈസൂര്‍ വച്ച് വിട്ടയാക്കുകയായിരുന്നു. സംഭവത്തിനു തലേന്ന് ഇപ്പോള്‍ പിടിയിലായ പ്രതികളാണ് തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ പ്രതികള്‍ക്ക് കൊണ്ടോട്ടി എത്തിച്ചു കൊടുത്തത്. കേസില്‍ ഇനി പിടിയിലാവാനുള്ള ഇക്കു എന്ന ഇക്ബാലിന്റെ കൂട്ടാളികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇവര്‍ മുംബൈയിലും മറ്റുമായി കഴിഞ്ഞ ശേഷം താമരശേരി ഡിവൈഎസ്പി മുന്‍പാകെ കീഴടങ്ങുകയായിരുന്നു. ഇനി തട്ടിക്കൊണ്ടു പോകലില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ഇത് വരെ പതിനൊന്നു പേര്‍ ഈ കേസില്‍ പിടിയിലായി. പ്രതികളെ താമരശ്ശേരി ജെ എഫ് സി എം കോടതി റിമാന്‍ഡ് ചെയ്തു.
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ഇടപെട്ട പൊലീസുകാരന്റെ കൈവിരല്‍ കടിച്ച് മുറിച്ചു
കൊച്ചി: പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസുകാരന്റെ കൈവിരല്‍ ഒരാള്‍ കടിച്ചു പരിക്കേല്‍പ്പിച്ചു. സ്റ്റേഷന്‍ പി ആര്‍ ഓ എം.എസ് സനലിന്റെ കൈവിരലിന് പരിക്കേറ്റത്. സംഭവത്തില്‍ റിങ്കി, ഇര്‍ഫാന്‍ എന്നിവരെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും, പൊതുസ്ഥലത്ത് അടിപിടി ഉണ്ടാക്കിയതിനും കേസെടുത്തു. വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. കുട്ടമശ്ശേരിയിലും, മുടിക്കലിലും താമസിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍മാരാണ് പരാതി പറയാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പ്രശ്‌നം സ്റ്റേഷന് പുറത്ത് പരിഹരിക്കുന്നതിന് ശ്രമം നടത്തുന്നതിനിടെയാണ് ഇവര്‍ അക്രമാസക്തരായത്. പിന്നീട് വനിതാ പൊലീസിന്റെ സഹായത്തോടെ ഇവരെ കസ്റ്റഡിയിലെടുത്തു. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

