61 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. നല്ലൂർ സ്വദേശി പ്രജോഷ് (43), കുണ്ടായിത്തോട് സ്വദേശി വിനീഷ് (35) എന്നിവരാണ് ഫറോക്ക് എക്സൈസ് റേഞ്ച് പാർട്ടിയുടെ പിടിയിലായത്.
കോഴിക്കോട്: 61 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. നല്ലൂർ സ്വദേശി പ്രജോഷ് (43), കുണ്ടായിത്തോട് സ്വദേശി വിനീഷ് (35) എന്നിവരാണ് ഫറോക്ക് എക്സൈസ് റേഞ്ച് പാർട്ടിയുടെ പിടിയിലായത്. 53 കുപ്പി മദ്യവും സ്കൂട്ടറുമായി പ്രജോഷിനെ നല്ലൂർ അങ്ങാടിയിൽ നിന്നാണു പിടികൂടിയത്. എട്ട് കുപ്പി മദ്യവുമായി വിനീഷിനെ കുണ്ടായിത്തോടിൽ നിന്നാണു പിടികൂടിയത്.
നല്ലൂർ, കുണ്ടായിത്തോട് ഭാഗങ്ങളിൽ വിദേശ മദ്യം രഹസ്യമായി സൂക്ഷിച്ചു വൻ വിലയ്ക്കു നൽകുന്നതായി എക്സൈസിനു പരാതി ലഭിച്ചിരുന്നു. വിഷുവിന് വിൽക്കാൻ മദ്യം സൂക്ഷിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഫറോക്ക് എക്സൈസ് സംഘം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നല്ലൂർ, കുണ്ടായിത്തോട് ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇതിനിടെയാണു മദ്യവുമായി പ്രജോഷും വിനീഷും പിടിയിലായത്. എക്‌സൈസ് ഇൻസ്പെക്ടർ കെ. സതീശൻ, പ്രിവന്റീവ് ഓഫിസർമാരായ പ്രവീൺ ഐസക്ക് ,ടി. ഗോവിന്ദൻ സിവിൽ എക്സൈസ് ഓഫിസർമാരായ ദിനോബ്,വിനു വിൻസന്റ്,ഡ്രൈവർ ഹിതിൻ ദാസ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.
ബൈക്കിലെത്തി സ്ത്രീകളോട് ലൈംഗികാതിക്രമം, നഗ്നതാപ്രദർശനം; യുവാവ് കൊച്ചിയിൽ പിടിയിൽ
കൊച്ചി: നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവാക്കിയ യുവാവ് ഒടുവിൽ കൊച്ചി പൊലീസിന്‍റെ പിടിയിലായി. കോട്ടയം കുറവിലങ്ങാട് (Kuravilangad) സ്വദേശി ഇമ്മാനുവൽ കുര്യനെയാണ് (Immanuel Kurian) തേവര പൊലീസ് (Thevara Police) അറസ്റ്റ് ചെയ്തത്. എറണാകുളം നഗരത്തിൽ രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപ്പിടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തതിന് നിരവധി പരാതികൾ പ്രതിയ്ക്ക് എതിരെയുണ്ട്.
പനമ്പള്ളി നഗർ, കടവന്ത്ര മേഖലകളിൽ പ്രഭാത നടത്തത്തിനിറങ്ങിയ സ്ത്രീകൾക്ക് നേരെയാണ് ഇമ്മാനുവൽ അതിക്രമം കാട്ടിയത്. സ്ത്രീകളുടെ രഹസ്യഭാഗങ്ങളിൽ പിടിച്ച് കടന്നുകളയുകയാണ് രീതി. പരാതി വ്യാപകമായതോടെ സൗത്ത് പൊലീസ് കേസ് എടുത്ത് അന്വഷണം തുടങ്ങി. എന്നാൽ ബൈക്കിന് നമ്പർ ഇല്ലാതായതോടെ പ്രതിയെക്കുറിച്ച് സൂചനയുണ്ടായില്ല. തുടർന്നാണ് പ്രത്യേക സംഘം രൂപീകരിച്ചത്.
നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് സിസിടിവി ദൃശ്യം ശേഖരിച്ച് പരിശോധന തുടങ്ങി. പരാതിക്കാർ നൽകിയ വിവിരങ്ങളിൽ നിന്ന് ഏകദേശരൂപം മനസ്സിലാക്കി പ്രതി കുറവിലങ്ങാട് സ്വദേശി ഇമ്മാനുവൽ ആണെന്ന് തിരിച്ചറിഞ്ഞു. തുടർന്നാണ് ഇയാളെ മൂവാറ്റുപഴയിൽ നിന്ന് പിടികൂടിയത്. മൂവാറ്റുപുഴയിലെ വാഹന ഷോറൂമിലെ ജീവനക്കാരനായ ഇമ്മാനുവൽ ഈ കുറ്റകൃത്യത്തിനായി മിക്കവാറും ദിവസം എറണാകുളം നഗരത്തിലെത്തും. പ്രതിയ്ക്കെതിരെ കാക്കനാട് അടക്കമുള്ള സ്ഥലങ്ങളിലും പരാതികളുണ്ട്. അറസ്റ്റിലായ ഇമാമാനുവലിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
