കഴിഞ്ഞ ഒരു മാസത്തിനിടെ പതിമൂന്നര കോടിയുടെ കുഴല്‍പ്പണമാണ് മലപ്പുറത്ത് പൊലീസ് പിടിച്ചെടുത്തത്.

പാലക്കാട്: നിലമ്പൂരിൽ ഒന്നരക്കോടിയുടെ കുഴല്‍പണം പിടികൂടി. ഒരു കോടി 56 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ട് പേരാണ് പൊലീസിന്‍റെ പിടിയിലായത്. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ്, വാഴപൊയിൽ ഷബീർ അലി, എന്നിവരാണ് അറസ്റ്റിലായത്.

കാറില്‍ രഹസ്യ അറകളുണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്. ബംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നു പണമെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ പതിമൂന്നര കോടിയുടെ കുഴല്‍പ്പണമാണ് മലപ്പുറത്ത് പൊലീസ് പിടിച്ചെടുത്തത്.

ആറുവയസുകാരന് മഡ് റെയ്സിങ് പരിശീലനം: കുട്ടിയുടെ അച്ഛനെതിരെ കേസ്

പാലക്കാട്ട് ആറുവയസുകാരനെ മുതിർന്നവർക്കൊപ്പം മഡ് റേസിംഗ് പരിശീലനത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ സ്വദേശി ഷാനവാസ് അബ്‌ദുള്ളക്കെതിരെയാണ് കേസെടുത്തത്. മുതിർന്നവർക്കൊപ്പം ആറുവയസുകാരനും കുഞ്ഞൻ ബൈക്കിൽ അപകടകരമാം വിധം കുതിച്ച് പായുകയാണ്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്. കുട്ടി ഉപയോഗിച്ചത് ടോയ് ബൈക്ക് ആണെങ്കിലും മുതിർന്നവർക്കൊപ്പം അപകടകരമായ രീതിയിൽ പരിശീലനത്തിൽ പങ്കെടുപ്പിച്ചതിനാണ് കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തത്. 

ഈ മാസം 16,17 തീയതികളിൽ കാടാങ്കോട് നടക്കുന്ന മഡ് റേസിംഗ് മത്സരത്തിന് മുന്നോടിയായാണ് പരിശീലനം നടത്തിയത്. കാടാങ്കോട് ഇന്ദിര പ്രിയദർശിനി മോട്ടോർ സ്പോർട്സ് ക്ലബ്ബ് ആണ് സംഘാടകർ. സംഘാടകരായ ഇന്ദിരാ പ്രിയദർശിനി മോട്ടോർ സ്പോർട്സ് ക്ലബ്ബിനെതിരെയും കേസെടുക്കുമെന്നും സൗത്ത് പൊലീസ് വ്യക്തമാക്കി. മത്സരത്തിനോ പരിശീലനത്തിനോ അനുമതി ലഭിക്കാതെയാണ് സംഘാടകർ പരിപാടി സംഘടിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ അടുത്ത ആഴ്ച നടക്കേണ്ട മഡ് റൈസ് മത്സരം അനിശ്ചിതത്വത്തിലായി.