തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വഴിയാത്രക്കാരനെ ആക്രമിച്ച് കൊള്ളയടിക്കാൻ ശ്രമിച്ച രണ്ട് പേരെ ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട സ്വദേശി അഗ്നീഷ്, കൊല്ലം സ്വദേശി സെയ്ദാലി എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം: വഴിയാത്രക്കാരനെ ആക്രമിച്ച് കൊള്ളയടിക്കാൻ ശ്രമിച്ച രണ്ട് പേർ തിരുവനന്തപുരത്ത് പിടിയിൽ. കാട്ടാക്കട സ്വദേശി അഗ്നീഷ് (27), കൊല്ലം സ്വദേശി സെയ്ദാലി (28) എന്നിവരെയാണ് കാട്ടാക്കട ഡിവൈ.എസ്.പി അനിരൂപിന്റെ നിർദ്ദേശ പ്രകാരം ആര്യങ്കോട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വാഴിച്ചൽ സ്വദേശി അരുണി(37)നെയാണ് ഇവർ ആക്രമിച്ചത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ തങ്ങൾ കവർച്ച നടത്താൻ ലക്ഷ്യമിട്ടാണ് ആക്രമിച്ചതെന്ന് പ്രതികൾ മൊഴി നൽകി. അരുണിന് തലയ്ക്കും മുഖത്തും വെട്ടേറ്റിരുന്നു.
സംഭവത്തിന് ശേഷം പ്രതികൾ തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. ഇവരെ പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ആക്രമണ - മോഷണ കേസുകളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് പറയുന്നു. കാട്ടാക്കടയിലെ ബന്ധുവീട്ടിൽ വന്ന സെയ്‌താലി ഇവിടെ വച്ചാണ് അരുണിനെ പരിചയപ്പെട്ടത്. ഇവർ പിന്നീട് കവർച്ച നടത്താൻ പദ്ധതിയിട്ടുവെന്നാണ് പൊലീസ് പറയുന്നത്. ആര്യങ്കോട് സി.ഐ തൽസിം അബ്ദുൽ സമദ്, അഡീഷണൽ എസ്.ഐ ആനന്ദ്, സി.പി.ഒമാരായ അക്ഷയ്, വിശാഖ്, അരുൺ, അഭിജിത്ത്, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


