സംശയം തോന്നി ഇവരുടെ കൈവശം ഉണ്ടായിരുന്ന രണ്ടു സഞ്ചികൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് പേരുടെയും സഞ്ചിയിൽ നിന്നും 4.750 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്.
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട. അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ 4.750 കിലോ കഞ്ചാവ് പിടികൂടി. ഉച്ചയ്ക്ക് 12.30 മണിയോടെ നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്‌പോർട് ബസിലെ യാത്രക്കാരായിരുന്ന ബംഗാൾ സ്വദേശികളാണ് അമരവിള എക്‌സൈസിന്‍റെ പിടിയിലായത്. പരിമൾ മണ്ഡൽ, പഞ്ചനൻ മണ്ഡൽ എന്നിവരാണ് കഞ്ചാവുമായി കുടുങ്ഹിയത്.
ചെക്ക് പോസ്റ്റിൽ സാധാരണ നടത്തുന്ന പരിശോധനയ്ക്കിടയിലാണ് തമിഴ്നാട് സർക്കാർ ബസിൽ സ്വാമിമാരുടെ വേഷത്തിൽ രണ്ട് പേരെ എക്സൈസ് കണ്ടത്. സംശയം തോന്നി ഇവരുടെ കൈവശം ഉണ്ടായിരുന്ന രണ്ടു സഞ്ചികൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് പേരുടെയും സഞ്ചിയിൽ നിന്നും 4.750 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാനാണ് പ്രതികൾ സ്വാമി വേഷത്തിലെത്തിയതെന്നാണ് സൂചന.
കേരളത്തിലേക്ക് ഹോൾസെയിൽ ആയി കഞ്ചാവ് എത്തിക്കുന്നവരുടെ നിർദ്ദേശപ്രകാരമാണ് ഇരുവരും സ്വാമി വേഷം ധരിച്ചെത്തിയതെന്നാണ് പൊലീസിന്‍റെ സംശയം. തിരുവനന്തപുരം പാച്ചല്ലൂർ ഭാഗത്ത് ചില്ലറ വിൽപ്പന നടത്താൻ വേണ്ടിയാണ് കഞ്ചാവ് കൊണ്ട് വന്നതെന്ന് പിടിയിലായവർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷം നടത്തുമെന്നും ആരാണ് കഞ്ചാവ് കേരളത്തിലേക്ക് കൊടുത്തയച്ചത്, ആർക്ക് വേണ്ടിയാണ് എത്തിച്ചത് എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും എക്സൈസ് വ്യക്തമാക്കി.


