വെളുത്തൂർ സ്വദേശികളായ രണ്ട് യുവാക്കളുടെ അക്കൗണ്ടിൽ അവരറിയാതെയെത്തിയ 2.44 കോടി ചെലവഴിച്ചതു സംബന്ധിച്ച് സൈബർ ക്രൈം പൊലീസ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
തൃശൂർ: വെളുത്തൂർ സ്വദേശികളായ രണ്ട് യുവാക്കളുടെ അക്കൗണ്ടിൽ അവരറിയാതെയെത്തിയ 2.44 കോടി ചെലവഴിച്ചതു സംബന്ധിച്ച് സൈബർ ക്രൈം പൊലീസ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പുതുതലമുറ ബാങ്ക് അധികൃതരുടെ പരാതിയിന്മേൽ അറസ്റ്റിലായ യുവാക്കൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഇക്കഴിഞ്ഞ ഡിസംബർ 18,19 തീയതികളിലാണ് സംഭവം നടന്നത്. പുതുതലമുറ ബാങ്കിൽ അക്കൗണ്ടുള്ള യുവാക്കളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് 2,44,89,126.68 രൂപയാണ് എത്തിയത്. മറ്റൊരു ബാങ്കുമായി ലയനനടപടി നടക്കുന്നതിനാൽ അബദ്ധത്തിലാണ് ബാങ്കിൽ നിന്ന് യുവാക്കളുടെ അക്കൗണ്ടിൽ പണമെത്തിയതെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന പരാതിയിൽ പറയുന്നത്.
കിട്ടിയ പണം വിവിധ ഘട്ടങ്ങളിലായി മറ്റ് അക്കൌണ്ടിലേക്ക് കൈമാറുകയും ചെയ്തു. ആകെ 19 ബാങ്കുകളിലായി 54 വിവിധ അക്കൗണ്ടുകളിലേക്ക് 171 ഇടപാടുകളായാണ് പണം ഓൺലൈൻ കൈമാറ്റം നടത്തിയിട്ടുള്ളത്. ഈ അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള വിവരം തുടരന്വേഷണത്തിലേ വ്യക്തമാകൂ. അക്കൗണ്ടിൽ വന്ന പണം ക്രിപ്റ്റോ കറൻസിയാക്കാനും യുവാക്കൾ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി.
ക്രിപ്റ്റോ ട്രേഡിംഗ് നടത്തുന്നതിനാണ് ഒന്നര മാസം മുമ്പ് യുവാക്കൾ പുതുതലമുറ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയത്. അക്കൗണ്ടിൽ വന്ന പണം പിൻവലിച്ച് നാല് ഐ ഫോണുകൾ വാങ്ങാൻ നാല് ലക്ഷം ചെലവിട്ടു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലുണ്ടായിരുന്ന നാല് ലക്ഷത്തിന്റെ കടബാദ്ധ്യത തീർത്തു. ഫോണിൽ രണ്ടെണ്ണം സുഹൃത്തുക്കൾക്ക് കൊടുക്കുകയും ചെയ്തു.
Read more: കൊയിലാണ്ടിയിലെ 19 കാരിയുടെ ആത്മഹത്യ; അമ്മയുടെ അച്ഛൻ അറസ്റ്റിൽ
ബാങ്ക് മാനേജറുടെ പരാതിപ്രകാരം തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ എ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. പ്രതികൾ പിൻവലിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്ത പണം ഏതെല്ലാം തരത്തിൽ ഉപയോഗിച്ചെന്ന് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ.
