സ്ഥിരമായി സ്‌കൂളില്‍ എത്തുന്ന കുട്ടികളെ കാണത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരോട് വിവരം അന്വേഷിച്ചു. 

നെടുങ്കണ്ടം: അല്‍ഫാം (alfaham chicken) കഴിക്കുവാനുള്ള മോഹവുമായി സ്‌കൂളില്‍ കയറാതെ വീടുവിട്ടിറങ്ങിയ കുട്ടികളെ പൊലീസ് (Police) തിരികെ വീട്ടില്‍ എല്‍പ്പിച്ചു. വീട്ടില്‍ നിന്നും രാവിലെ സ്‌കൂളില്‍ പോകുവാനായി ഇറങ്ങിയ 15, 13 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കാണ് അല്‍ഫാം കഴിക്കാനായി മോഹം ഉദിച്ചത്. 

തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ കട്ടപ്പനയില്‍ എത്തുകയും അല്‍ഫാം കഴിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിരമായി സ്‌കൂളില്‍ എത്തുന്ന കുട്ടികളെ കാണത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരോട് വിവരം അന്വേഷിച്ചു. കുട്ടികള്‍ സ്‌കൂളില്‍ എത്തിയില്ലന്നറിഞ്ഞതോടെ വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം അല്‍ഫാം കഴിച്ച് കുട്ടികള്‍ നെടുങ്കണ്ടം ഭാഗത്തേയ്ക്കുള്ള ബസില്‍ കയറി.

ഇതിനിടെ വീട്ടുകാര്‍ മൊബൈലില്‍ കുട്ടികളില്‍ ഒരാളുമായി ബന്ധപ്പെട്ടു രണ്ട് പേരും ബസിലുണ്ടെന്ന് മനസിലാക്കി. ബസ് കടന്ന് പോകുന്ന ബാലഗ്രാമില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനെ തുടര്‍ന്ന് ഇറങ്ങിയെങ്കിലും കൂടെ സഞ്ചരിച്ച കുട്ടി വീട്ടുകാര്‍ വഴക്ക് പറയുമെന്ന പേടിയില്‍ തുടര്‍ന്ന് സഞ്ചരിക്കുകയും ചെയതു. 

നെടുങ്കണ്ടത്ത് എത്തിയ പെണ്‍കുട്ടി വീണ്ടും രാജാക്കാട് ബസില്‍ കയറി യാത്ര തുടര്‍ന്നു. മൈലാടുംപാറയില്‍ വെച്ച് നെടുങ്കണ്ടം പൊലീസ് കുട്ടിയെ കണ്ടെത്തി.. പൊലീസ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരേയും മാതാപിതാക്കള്‍ക്കൊപ്പം സ്വദേശത്തേയ്ക്ക് മടക്കി അയച്ചു.

ഒരു വയസുള്ള കുഞ്ഞിനെയും ഭാര്യയേയും ഉപേക്ഷിച്ചു അയല്‍ക്കാരിക്കൊപ്പം ഒളിച്ചോടി;യുവാവിനെ റിമാന്‍ഡ് ചെയ്തു

കൊച്ചി: ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍ക്കാരിക്കൊപ്പം ഒളിച്ചോടിയ കേസില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ആലുവ യുസി കോളേജിന് സമീപത്തുള്ള വിഎച്ച് കോളനിയില്‍ താമസിക്കുന്ന ആലമറ്റം വീട്ടില്‍ അജ്മല്‍ എന്ന 26 കാരനെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 23ന് ആണ് ഭാര്യയേും ഒരു വയസുള്ള കുഞ്ഞിനേയും ഉപേക്ഷിച്ച് അജ്മല്‍ തന്‍റെ അയല്‍ക്കാരിയായ യുവതിക്കൊപ്പം ഒളിച്ചോടിയത്.

കഴിഞ്ഞ മാസം 23ന് മകളെ കാണുന്നില്ലെന്ന് പറഞ്ഞ് യുവതിയുടെ പിതാവ് ആലുവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തെവെയാണ് അജ്മലിന്‍റെ ഭാര്യ, തന്‍റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് ആലുവ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അജ്മലും യുവതിയും ഒരുമിച്ച് ഒളിച്ചോടിയതാണെന്ന് പൊലീസ് കണ്ടെത്തിയത്. 

അജ്മലും യുവതിയും വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലായി മാറി മാറി താമസിച്ച് വരികയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയത്തുനിന്നുമാണ് ഇവരെ പിടികൂടുന്നത്. പിടിയിലായ അജ്മലിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസുടത്ത പൊലീസ് കോടതിയില്‍ ഹാജരാക്കി. സംരക്ഷണച്ചുമതലയുള്ള അച്ഛന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ ജയിലിലേക്ക് റിമാന്‍ഡ്ചെയ്യുകയായിരുന്നു.

അജ്മലും നിലവിലെ ഭാര്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അതിനിടയിലാണ് ഇയാള്‍ അയല്‍വാസിയായ യുവതിയുമായി അടുപ്പത്തിലാവുന്നത്. അജ്മല്‍ വാടകയ്ക്കു താമസിക്കുന്ന വീടിന്‍റെ അടുത്താണ് ഒളിച്ചോടിയ യുവതിയുടെ വീടെന്ന് പൊലീസ് പറഞ്ഞു. ആലുവ സ്റ്റഷനിലെ എസ്ഐമാരായ എം.എസ്.ഷെറി, കെ.വി.ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അജ്മലിനെയും കാമുകിയെയും കോട്ടയത്തു നിന്നും പിടികൂടിയത്.