ആലപ്പുഴയിൽ യുവതി മണിമലയാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരന്തരമായ ഗാർഹിക പീഡനമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ആലപ്പുഴ: തിരുവൻവണ്ടൂർ സ്വദേശിനിയായ യുവതി മണിമലയാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കണ്ണമംഗലം സ്വദേശിയായ രഞ്ചു ബി പിള്ള (38) യെയാണ് മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 26-നാണ് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി ജീവനക്കാരിയായ യുവതി പുളിക്കീഴ് പാലത്തിൽ നിന്ന് മണിമലയാറ്റിലേക്ക് ചാടിയത്. നിരന്തര ഗാർഹിക പീഡനങ്ങളെ തുടർന്നായിരുന്നു സംഭവമെന്ന് കണ്ടെത്തിയതോടെയാണ് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഭർതൃ ഗൃഹത്തിൽ നിന്ന് ജോലിക്ക് പോകുന്നതിനായി ഇറങ്ങിയ യുവതി, പ്രൈവറ്റ് ബസ്സിൽ കയറി പുളിക്കീഴ് പാലത്തിൽ എത്തിയപ്പോഴാണ് ആറ്റിലേക്ക് ചാടിയത്. യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് മാവേലിക്കര പൊലീസ് ആദ്യം മിസ്സിങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ മേയ് ഒന്നിന് മൃതദേഹം മണിമലയാറ്റിൽ നിന്ന് കണ്ടെത്തി. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി. ഗാർഹിക പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് വ്യക്തമായതോടെ, നേരത്തെ എടുത്ത വകുപ്പുകൾ മാറ്റി ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
