അമ്പലപ്പുഴ: പിക് അപ് വാൻ നിയന്ത്രണം തെറ്റി ഇടിച്ചുകയറി റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടു പേർക്ക് പരിക്ക്. വാടക്കൽ ആഞ്ഞിലിപ്പറമ്പിൽ നടേശൻ(56) നെടുമുടി മേമനവീട്ടിൽ എബിൻ(26) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 9.30ഓടെ കളർകോട് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം.

കോഴിവിൽപ്പന കഴിഞ്ഞ് പോകുകയായിരുന്ന പിക് അപ് വാൻ എതിരെ മറികടന്നെത്തിയ കാർ അപകടത്തിൽപ്പെടാതിരിക്കാൻ ഇടതുഭാഗത്തേക്ക് വെട്ടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം തെറ്റിയ വാൻ റോഡരികിൽ ബൈക്കുമായി മത്സ്യം വാങ്ങാൻ നിൽക്കുകയായിരുന്ന എബിനെ ഇടിച്ചുനിരക്കി നടേശനെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ബൈക്കിന്‍റെ ക്ലച്ച് ലിവർ ഒടിഞ്ഞ് നടേശന്‍റെ താടി എല്ലിൽ തുളച്ചുകയറി. ഇടിയുടെ ആഘാതത്തിൽ എബിന്‍റെ വലതു കൈയ്ക്കും പരിക്കേറ്റു. ഇരുവരേയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.