എംവിഡി എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അമ്പലപ്പടി, ദേവതിയാല്‍ എന്നിവിടങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ പിടികൂടിയത്...
മലപ്പുറം: തേഞ്ഞിപ്പലത്ത് രണ്ടിടങ്ങളിലായി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ഒരേ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള രണ്ട് ജെ സി ബികള്‍ പിടികൂടി. മലപ്പുറം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേത്യത്വത്തിലാണ് ഇവരെ പിടികൂടിയത്. എംവിഡി എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അമ്പലപ്പടി, ദേവതിയാല്‍ എന്നിവിടങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ പിടികൂടിയത്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി മറ്റൊരു കേരള രജിസ്‌ട്രേഷനിലുള്ള ജെസിബിയുടെ നമ്പര്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തിയത്.
പിടികൂടിയ രണ്ട് വാഹനങ്ങളും ഒരു വ്യക്തിയുടെ കീഴിലുള്ളതാണ്. മലപ്പുറം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഫിറോസ് ബിന്‍ ഇസ്മാഈല്‍, കെ ആര്‍ ഹരിലാല്‍, പി കെ സയ്യിദ് മഹമൂദ്, എസ് സുനില്‍ രാജ്, വിജീഷ് വളേരി എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു സ്‌ക്വാഡുകളായി നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട ടാക്‌സ് ലാഭിക്കാനും മറ്റു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് ഇത്തരം വ്യാജ നമ്പറുകളില്‍ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത്.
