കോഴിക്കോട്: തെലങ്കാനയിലെ നിസാമാബാദിൽ  ലോറിയ്ക്ക് പിന്നിൽ കാറിടിച്ച് മരിച്ച മൂന്നു പേരിൽ രണ്ടു പേര്‍ കോഴിക്കോട് ചെമ്പുകടവ് സ്വദേശികൾ. ചെമ്പുകടവ് മാഞ്ചേരിൽ തോമസിന്റെ മകൻ അനീഷ് (36), അനീഷിന്റെ മകൾ അനാലിയ (ഒന്നര) എന്നിവരാണ് മരിച്ചത്. ഡ്രൈവർ മംഗളൂരു സ്വദേശിയും മലയാളിയുമായ സ്റ്റെനിയും ഇവർക്കൊപ്പം  മരിച്ചിരുന്നു. ഇന്ന് വെളുപ്പിന് രണ്ട് മണിക്ക് അപകടം നടന്നതായാണ് വീട്ടിൽ വിവരം കിട്ടിയത്. ബിഹാറിൽനിന്ന്  കോഴിക്കോട്ടേക്ക് വരുന്ന വഴിയാണ്  അപകടത്തിൽപെട്ടത്.

കാറിന്റെ പിൻസീറ്റിലിരുന്ന അനീഷിന്റെ ഭാര്യ ദിവ്യയെയും  മൂത്ത കുട്ടിയെയും  പരിക്കുകളോടെ നിസാമാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനീഷിന്റെ സഹോദരനും കുടുംബവും മറ്റൊരു വാഹനത്തിൽ ഇവർക്കൊപ്പം കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു.  ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് കരുതുന്നത്. ബീഹാർ വാസ്‌ലിഗഞ്ചിൽ സെന്റ് തെരേസാസ് സ്കൂളിലെ അധ്യാപകനാണ് അനീഷ്.