ഇടുക്കി: നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ 40 ലിറ്റര്‍ കോടയും 2 ലിറ്റര്‍ ചാരായവും ഗ്യാസ് സ്റ്റൗ ഉള്‍പ്പെടെയുള്ള വാറ്റുപകരണങ്ങളും കണ്ടെത്തി. കൊന്നത്തടി വില്ലേജിലെ പൂതകാളി കരയില്‍ താമസക്കാരനായ മാപ്രകരോട്ട് വീട്ടില്‍ മൈക്കിള്‍ സെബാസ്റ്റ്യന്‍ എന്നയാളുടെ വീടിനു പുറകിലായുള്ള ഷെഡില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്.

ഷെഡിന്റെ ഉടമയായ മൈക്കിള്‍ സംഭവ സ്ഥലത്തില്ലാതിരുന്നതിനാല്‍ ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദ് പറഞ്ഞു. ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ കൊന്നത്തടി വില്ലേജിന്റെ പല ഭാഗങ്ങളിലും ലിറ്ററിന് 1000 രൂപ നിരക്കിന്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്നതായി എക്സൈസ് സംഘത്തിന് പരാതി  ലഭിച്ചിരുന്നു. പ്രിവന്റീവ് ഓഫീസര്‍ രാജീവ് കെ എച്ച് ,അസീസ് കെ എസ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മീരാന്‍ കെ എസ്, സുജിത്ത് പി വി, സച്ചു ശശി എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.