Asianet News MalayalamAsianet News Malayalam

ആദ്യം മെസേജ്, ലിങ്കിൽ ജോയിൻ ചെയ്തതും പണം കിട്ടി; പിന്നെ നടന്നത് വൻ ചതി, മലപ്പുറം സ്വദേശികൾ തട്ടിയത് ലക്ഷങ്ങൾ

ടാസ്‌ക് ചെയ്യുന്നതിനായി കൂടുതല്‍ പണം ആവശ്യപ്പെടുകയും പ്രത്യേകം തയാറാക്കിയ സ്‌ക്രീനില്‍ ലാഭവിഹിതം അടക്കമുള്ള തുക കാണിക്കുകയും ചെയ്തു. പലവട്ടം ഇതു ആവര്‍ത്തിച്ചതോടെ 11.5 ലക്ഷം രൂപ ജെറിൽ നിക്ഷേപിച്ചു. ഇതിന്‍റെ ലാഭമടക്കം 22 ലക്ഷം രൂപ യുവാക്കൾ കാണിച്ച സ്‌ക്രീനില്‍ ക്രെഡിറ്റ് ആകുകയും ചെയ്തു.

two malappuram native youth arrested for online investment fraud and looting money from youth
Author
First Published Aug 9, 2024, 7:28 PM IST | Last Updated Aug 9, 2024, 7:28 PM IST

തൃശൂര്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാക്കൾ പിടിയിൽ. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അഞ്ചചാവടി കുരുങ്ങണ്ണാന്‍ വീട്ടില്‍ ഇര്‍ഷാദ് (33), പൂങ്ങോട് അത്തിമന്നന്‍ വീട്ടില്‍ ഷെഫീക് (31) എന്നിവരാണ് അറസ്റ്റിലായത്. മേലൂര്‍ കുവ്വക്കാട്ടു സ്വദേശി ജെറിനില്‍ നിന്നും 11.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് യുവാക്കളെ കൊരട്ടി എസ്.എച്ച്.ഒ. അമൃത് രംഗനും സംഘവും അറസ്റ്റ് ചെയ്തത്.

മൊബൈല്‍ ഫോണിലേക്ക് ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കിയുള്ള സന്ദേശം അയച്ചായിരുന്നു തട്ടിപ്പിന്റെ ആരംഭം. ഈ നമ്പറിലേക്ക് തിരിച്ചു മറുപടി ലഭിക്കുന്നതോടെയുള്ള ലിങ്കില്‍ ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യം ജെറിന് ഒരു സന്ദേശം ലഭിച്ചു. റിപ്ലേ കൊടുത്തതോടെ ഇയാളെ കുരുക്കാൻ പ്രതികൾ പണി തുടങ്ങി. ഓഫറുകൾ മുന്നോട്ട് വച്ച് ഒരു ലിങ്ക് ജെറിന് അയച്ച് നൽകി. ലിങ്കില്‍ ജോയിന്‍ ചെയ്ത ജെറിന്റെ വിശ്വാസം ആര്‍ജിക്കുവാന്‍ ആദ്യം ചെറിയ ടാസ്‌ക്കുകള്‍ നല്‍കി. ഇത് പൂര്‍ത്തീകരിച്ച മുറയ്ക്ക് ചെറിയ ലാഭത്തോടുകൂടി പണം തിരികെ അക്കൗണ്ടിലേക്ക് നല്‍കി.

പിന്നാലെ വൻ ലാഭമുണ്ടാക്കാമെന്ന് പ്രതികൾ യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു.  ടാസ്‌ക് ചെയ്യുന്നതിനായി കൂടുതല്‍ പണം ആവശ്യപ്പെടുകയും പ്രത്യേകം തയാറാക്കിയ സ്‌ക്രീനില്‍ ലാഭവിഹിതം അടക്കമുള്ള തുക കാണിക്കുകയും ചെയ്തു. പലവട്ടം ഇതു ആവര്‍ത്തിച്ചതോടെ 11.5 ലക്ഷം രൂപ ജെറിൽ നിക്ഷേപിച്ചു. ഇതിന്‍റെ ലാഭമടക്കം 22 ലക്ഷം രൂപ യുവാക്കൾ കാണിച്ച സ്‌ക്രീനില്‍ ക്രെഡിറ്റ് ആകുകയും ചെയ്തു. ഇതിനിടെ ഒരു പ്രാവശ്യം പോലും ജെറിന്‍ തുക പിന്‍വലിച്ചിട്ടില്ല. തന്റെ അക്കൗണ്ടില്‍ ക്രെഡിറ്റായ തുക 22 ലക്ഷം കവിഞ്ഞതോടെ   പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് യുാവാവിന് ബോധ്യപ്പെട്ടത്.

പണം പിന്‍വലിക്കണമെങ്കില്‍ ആറു ലക്ഷം രൂപ വീണ്ടും നിക്ഷേപിക്കണമെന്ന സ്ഥിതിയായി. ഇതോടെ ഇയാള്‍ കൊരട്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് എസ്.എച്ച്.ഒ. അമൃത് രംഗന്റെ നേതൃത്വത്തില്‍ രേഖകളും മറ്റും വച്ചു നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികളെ മലപ്പുറത്തുനിന്നും പിടികൂടിയത്. പ്രതികളില്‍നിന്നും അറുപതോളം എ.ടി.എം. കാര്‍ഡുകള്‍ കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ കണ്ണികള്‍ ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ സി.പി.ഒമാരായ പി.കെ. സജീഷ് കുമാര്‍, നിതീഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Read More : ഗുരുവായൂരിലേക്ക് പോകുന്ന കാർ, ഉള്ളിൽ 2 യുവാക്കൾ; തടഞ്ഞ് പൊലീസ്, കിട്ടിയത് 2 കിലോ ഹാഷിഷ് ഓയിലും എംഡിഎംഎയും

Latest Videos
Follow Us:
Download App:
  • android
  • ios