ഞായറാഴ്ച ബംഗളുരു ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ദേശീയ റോബോട്ടിക് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് കോഴിക്കോട് പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡന്‍ സ്‌കൂളില്‍ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന ഈ വിദ്യാര്‍ഥികള്‍ അന്താരാഷ്ട്ര റോബോട്ടിക് മല്‍സരത്തിലേക്ക് യോഗ്യത നേടിയത്
കോഴിക്കോട്: അമേരിക്കയിലെ ലോറന്‍സ് ടെക് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന അന്താരാഷ്ട്ര റോബോട്ടിക് മല്‍സരത്തിലേക്ക് രണ്ടു മലയാളി വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം മക്കരപറമ്പ് അബ്ദുള്‍ അസീസിന്റെയും നസീമയുടെയും മകന്‍ മുഹമ്മദ് യഹ്യ, പട്ടാമ്പി കൊണ്ടുര്‍ക്കാരത്തൊടി അബൂബക്കര്‍ സിദ്ധിഖിന്റെയും സജിനയുടെയും മകന്‍ നാഹിദ് എന്നിവരാണ് അന്താരാഷ്ട്ര റോബോട്ടിക് മല്‍സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഞായറാഴ്ച ബംഗളുരു ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ദേശീയ റോബോട്ടിക് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് കോഴിക്കോട് പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡന്‍ സ്‌കൂളില്‍ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന ഈ വിദ്യാര്‍ഥികള്‍ അന്താരാഷ്ട്ര റോബോട്ടിക് മല്‍സരത്തിലേക്ക് യോഗ്യത നേടിയത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുന്നുറോളം കുട്ടികളാണ് റോബോട്ട് നിര്‍മാണവും പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ടു നടന്ന ദേശീയതല മല്‍സരത്തില്‍ മാറ്റുരച്ചത്. കാലിക്കറ്റ് സ്മാര്‍ട്ട് റോബോട്ടിക്‌സിനെ പ്രതിനിധീകരിച്ചാണ് ഇവര്‍ ദേശീതതല മല്‍സരത്തില്‍ പങ്കെടുത്തിരുന്നത്.അടുത്തമാസമാണ് അമേരിക്കയില്‍ അന്താരാഷ്ട്ര റോബോട്ടിക് മല്‍സരം നടക്കുക. ഇതിനുള്ള ക്ഷണം കാത്തിരിക്കുകയാണ് ഈ മിടുക്കന്‍മാര്‍.
