മത്സ്യ കച്ചവടം നടത്തിയിരുന്നതിന്റെ മറവിലാണ് ഇറച്ചിക്കച്ചവടവും നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

തൃശൂർ: സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലുകയും തുടർന്ന് മാംസം വിൽക്കുകയും ചെയ്തിരുന്ന രണ്ട് യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. തൃശ്ശൂർ തിരുവില്വാമല കുണ്ടുകാട് കോളനി കോലത്തുപറമ്പിൽ അബുതഹിർ ( 42), പാലക്കാട് മണ്ണൂർ മങ്കര ദേശത്ത് വാരിയത്തു പറമ്പ് രാജേഷ് (39 ) എന്നിവരെയാണ് വടക്കാഞ്ചേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ബി അശോക് രാജ് അറസ്റ്റ് ചെയ്തത്.

വടക്കാഞ്ചേരി ഫോറസ്റ്റ് റെയിഞ്ചിലെ മായന്നൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കൊണ്ടാഴി മായന്നൂർ , കുത്താമ്പൂള്ളി , തിരുവില്വാമല പ്രദേശങ്ങളിൽ നിന്നാണ് ഇവർ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് കാട്ടുപന്നികളെ കൊന്നത്. തുടർന്ന് തൃശൂർ പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ വില്പന നടത്തിവരികയായിരുന്നു.

തിരുവില്വാമലയിൽ മത്സ്യ കച്ചവടം നടത്തിയിരുന്നതിന്റെ മറവിലാണ് ഇറച്ചിക്കച്ചവടവും നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഇവരിൽ നിന്ന ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി കുന്നംകുളം പ്രദേശങ്ങളിലെ ചില വ്യക്തികൾ നിരീക്ഷണത്തിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണ സംഘത്തിൽ ഫോറസ്റ്റ് ഓഫീസർമാരായ സി.എൻ സാജു, മണികണ്ഠൻ, ബീറ്റ് ഓഫീസർമാരായ ദിനേശൻ, പ്രവീൺ, അമൃത, സുനിത, അവിനാശ്, നികസൻ, ഷാജു, ശശികുമാർ എന്നിവരും ഉണ്ടായിരുന്നു.