കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസിപെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കമ്പളക്കാട് വെള്ളരിക്കാവില്‍ മുഹമ്മദ് നൗഫല്‍ (18), കണിയാമ്പറ്റ പൊങ്ങിണി ചീക്കല്ലൂര്‍കുന്നില്‍ക്കോണം എ.കെ. ഷമീം (19) എന്നിവരാണ് അറസ്റ്റിലായത്. പുതുവത്സരതലേന്ന് പെണ്‍കുട്ടികളെ ബൈക്കില്‍ മൈസൂരില്‍ കൊണ്ടുപോയി മുറിയെടുത്ത് പീഡിപ്പിച്ചെന്നാണ് കേസ്. 

മകളെ കാണാനില്ലെന്ന ഒരു പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. അന്വേഷണത്തില്‍ ഒരു പെണ്‍കുട്ടി കൂടെയുണ്ടെന്ന് കണ്ടെത്തി. പ്രതികള്‍ക്കെതിരെ പോക്‌സോ, പട്ടികജാതി അതിക്രമം തടയല്‍ നിയമങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. മാനന്തവാടി എസ്.എം.എസ് വിഭാഗത്തിന് അന്വേഷണം കൈമാറി. കല്‍പ്പറ്റ നാര്‍കോട്ടിക്‌സെല്‍ ഡി.വൈ.എസ്.പി രജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.