കല്‍പ്പറ്റ: വയനാട് കബനി പുഴയില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളെ രക്ഷിച്ചെങ്കിലും മറ്റൊരാള്‍ക്കായി ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്. മൈസൂര്‍ സ്വദേശി കുമാറിനെയാണ് നാട്ടുകാര്‍ രക്ഷിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി മുരളി പുഴയിലകപ്പെട്ടതായാണ് സൂചന. പാണ്ടിക്കടവില്‍ താമസിച്ച് വീട്ടുപകരണങ്ങള്‍ നിര്‍മിച്ചുവില്‍പ്പന നടത്തുന്നവരാണ് ഇരുവരും. 

സുഹൃത്തായ താമരശേരി സ്വദേശി മനുവിനൊപ്പം പുഴയില്‍ മത്സ്യം പിടിക്കാനെത്തിയതായിരുന്നു ഇരുവരും. ചങ്ങാടക്കടവ് തടയണക്ക് സമീപം മീന്‍ പിടിക്കുന്നതിനിടെ മുരളി പുഴയില്‍ വീഴുകയായിരുന്നു. ഇതുകണ്ട് രക്ഷിക്കാനായി കുമാറും പുഴയിലേക്കിറങ്ങി. ഇതോടെ രണ്ടുപേരും ഒഴുക്കില്‍പ്പെട്ടു. 

കുമാറിന് തടയണയുടെ ഒരുഭാഗത്ത് പിടിച്ചുനില്‍ക്കാനായി. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട മുരളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.