200 മീറ്ററോളം ദൂരം ഒഴുക്കില്‍ പെട്ടതിന് ശേഷമാണ് യുവാക്കള്‍ കരയിലൂടെ ഓടിയെത്തി പുഴയിലേക്ക് ചാടി വയോധികയെ രക്ഷിച്ചത്.

തൃശൂര്‍: ബലിതർപ്പണത്തിനായി എത്തിയ വയോധിക ഒഴുക്കിൽപ്പെട്ടു. രക്ഷകരായി പ്രദേശവാസികൾ. ഇന്നലെ രാവിലെ എട്ട് മണിയോടെ ഗായത്രി പുഴയില്‍ തിരുവില്വാമല കൊണ്ടാഴി പാറമേല്‍പ്പടി പാറക്കടവ് ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. 65 വയസുള്ള കൊണ്ടാഴി - മായന്നൂര്‍ സ്വദേശി ഗോപാലന്റെ ഭാര്യ അമ്മുവാണ് അപകടത്തില്‍പ്പെട്ടത്. പുഴയില്‍ കാല്‍വഴുതി വീണ അമ്മു ശക്തമായ ഒഴുക്കില്‍ പെട്ടതോടെ ജീവന്‍ രക്ഷിക്കാനായി നിലവിളിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പരിഭ്രാന്തരായി നില്‍ക്കേ പ്രദേശവാസികളായ പാറമേല്‍ പടിയിലുള്ള പഴനി സ്വാമി, കെ.എം. ജ്വല്ലറിയിലെ ജീവനക്കാരനായ കെ.എം. രതീഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

200 മീറ്ററോളം ദൂരം ഒഴുക്കില്‍ പെട്ടതിന് ശേഷമാണ് യുവാക്കള്‍ കരയിലൂടെ ഓടിയെത്തി പുഴയിലേക്ക് ചാടി വയോധികയെ രക്ഷിച്ചത്. ഉടന്‍തന്നെ ഓട്ടോറിക്ഷയില്‍ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച വയോധികയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വയോധികയുടെ ജീവന്‍ രക്ഷിച്ച യുവാക്കളെ നാട്ടുകാര്‍ അഭിനന്ദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം